കേന്ദ്ര ബജറ്റ് ഇന്ന്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

കേന്ദ്ര ബജറ്റ് ഇന്ന്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.
രാവിലെ 11 നാണ് ധനമന്ത്രി ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ആദായ നികുതിയിളവ്, കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ അടക്കമുള്ളവ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

വനിതാ സംവരണം ഉള്‍പ്പെടെ നാരീശക്തി മുദ്രാവാക്യമുയര്‍ത്തുന്ന സര്‍ക്കാര്‍, സ്ത്രീകള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും ഇടയുണ്ട്. പൊതു തിരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാരാകും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. പ്രതീക്ഷിക്കുന്ന വരവ് ചെലവ് കണക്കുകളാണ് ഇടക്കാല ബജറ്റിലൂടെ അവതരിപ്പിക്കുക.

ആദായ നികുതി ഇളവ്, ക്ഷേമ പദ്ധതി തുടങ്ങിയവയിലും നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് നിര്‍മലാ സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു. കര്‍ഷകരുടെ പ്രതിഷേധം ഏറെക്കണ്ട സര്‍ക്കാരിന്റെ കാലാവധിയാണ് അവസാനിക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ കര്‍ഷകരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ക്കും ഇന്നത്തെ ബജറ്റില്‍ സാധ്യതയുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലുള്ള വനിതാ കര്‍ഷകര്‍ക്ക് ആറായിരത്തില്‍ നിന്നും സഹായം ഇരട്ടിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം പാരീസ് ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നതിനാല്‍ കായിക താരങ്ങളുടെ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ രംഗത്തും പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

അതേസമയം രാജ്യത്തെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനത്തിന് വേഗം കൂട്ടുന്ന പ്രഖ്യാപനങ്ങളും ഇടക്കാല ബജറ്റില്‍ പ്രതീക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.