ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് വധ ഭീഷണി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി ശ്രീദേവിക്കാണ് ഭീഷണി. സംഭവത്തില്‍ രണ്ട്‌പേരെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്.
സമൂഹ മാധ്യമത്തിലൂടെയായിരുന്നു ജഡ്ജിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേര്‍ക്ക് വധ ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹ മാധ്യമത്തിലൂടെ ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നത്.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിയുടെ സുരക്ഷ ശക്തമാക്കി. സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ആറ് പൊലീസുകാരെ ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഭാര്യയും അമ്മയും മക്കളും ഉള്‍പ്പെടെ വീട്ടുകാരുടെ മുന്നിലിട്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ജഡ്ജി വിധിയില്‍ വ്യക്തമാക്കിയിരുന്നു.
സുരക്ഷ ഏര്‍പ്പെടുത്തിയതിന് പുറമേ ഭീഷണി ഉയര്‍ത്തിയ അക്കൗണ്ടുകള്‍ പൊലീസും സൈബര്‍ സെല്ലും നിരീക്ഷിക്കുന്നുമുണ്ട്. സമാനമായ രീതിയിലുള്ള പോസ്റ്റുകളും കമന്റുകളും ചെയ്തിരിക്കുന്ന അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. കൂടാതെ ഷാന്‍ വധക്കേസില്‍ വിചാരണ ആരംഭിക്കാത്തതിനെ ചോദ്യം ചെയ്ത് വര്‍ഗീയ ദ്രുവീകരണത്തിനും വിദ്വേഷ പ്രചാരണത്തിനും ശ്രമിക്കുന്ന പോസ്റ്റുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. 2021 ഡിസംബര്‍ 19ന് രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. കുറ്റ കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ മൂന്ന് പേരുമാണ് ആദ്യ ഘട്ടത്തില്‍ വിചാരണ നേരിട്ടവര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.