പെണ്‍കുട്ടികളിലെ ചേലാകര്‍മം; സിയറ ലിയോണില്‍ മൂന്ന് കൗമാരക്കാരികള്‍ക്ക് ദാരുണാന്ത്യം

പെണ്‍കുട്ടികളിലെ ചേലാകര്‍മം; സിയറ ലിയോണില്‍ മൂന്ന്  കൗമാരക്കാരികള്‍ക്ക് ദാരുണാന്ത്യം

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ ചേലാകര്‍മത്തിനു വിധേയരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ആദംസെ സെസെ (12), സലാമതു ജലോ (13), കദിയാതു ബംഗുര (17) എന്നിവരാണ് കഴിഞ്ഞ മാസം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ നടന്ന കിരാതമായ നടപടിക്കു വിധേയരായി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

എഫ്ജിഎം (ഫീമെയില് ജെനിറ്റല്‍ മ്യൂട്ടിലേഷന്‍) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്ത്രീയുടെ ലൈംഗികാവയവം ഛേദിക്കുന്ന ക്രൂരമായ പ്രക്രിയയ്ക്കാണ് കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ വിധേയരായത്. ആചാരങ്ങളുടെ ഭാഗമായാണ് ഇവര്‍ എഫ്ജിഎമ്മിന് വിധേയരായത്. പല രാജ്യങ്ങളിലും ഈ ആചാരത്തിന് നിയമപരമായ വിലക്കുണ്ട്. ഈ ക്രൂരതയ്ക്കെതിരേ യുണിസെഫ് അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടികളുടെ മാതാപിതാക്കളും ചടങ്ങ് നടത്തിയവരും പോലീസ് കസ്റ്റഡിയിലാണെന്ന് സിയറ ലിയോണില്‍ എഫ്ജിഎം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫോറം എഗെയ്ന്‍സ്റ്റ് ഹാംഫുള്‍ പ്രാക്ടീസസിന്റെ (എഫ്എഎച്ച്പി) എക്സിക്യൂട്ടീവ് സെക്രട്ടറി അമീനത കൊറോമ പറഞ്ഞു.

സാധാരണയായി ജനനം മുതല്‍ 15 വയസ് വരെയാണ് പരിച്ഛേദനം നടക്കുന്നത്. ഈ പ്രക്രിയ അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. കടുത്ത വേദന, ഭയം, അണുബാധ, അമിത രക്തസ്രാവം എന്നിവയുള്‍പ്പെടെ നിരവധി പാര്‍ശ്വഫലങ്ങള്‍ ഇതുകൊണ്ടുണ്ടാകുന്നു. ഇത് ഭേദപ്പെടുത്താനാവാത്ത പലതരം രോഗത്തിലേക്ക് നയിച്ചേക്കാം. അതുപോലെ അവരുടെ പ്രത്യുല്‍പ്പാദന ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്.

2012-ല്‍ യുഎന്‍ ഇത് നിരോധിക്കുന്നതിനുള്ള പ്രമേയം പാസാക്കിയെങ്കിലും 30-ലധികം രാജ്യങ്ങളില്‍ ഇത് ഇപ്പോഴും നടപ്പാക്കപ്പെടുന്നു.

ലോകമെമ്പാടുമായി 200 ദശലക്ഷം സ്ത്രീകളും പെണ്‍കുട്ടികളും എഫ്ജിഎമ്മിന് വിധേയരായി ജീവിക്കുന്നുണ്ടെന്നാണ് യുണിസെഫിന്റെ കണക്ക്. ഇന്തോനേഷ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എഫ്ജിഎം നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.