തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവല്‍ക്കരിക്കുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മാണച്ചുമതല. എറണാകുളത്ത് കസ്തൂര്‍ബ നഗറില്‍ ജി.സി.ഡി.എ സഹകരണത്തോടെയും ഇടുക്കിയിലെ മൂന്നാറില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയുമാണ് നവീകരണം പൂര്‍ത്തിയാക്കുന്നത്.
ഈ ഫുഡ് സ്ട്രീറ്റുകളുടെ നവീകരണത്തിനായി ഒരു കോടി രൂപയുടെ വീതം ഭരണാനുമതി നല്‍കി. കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കി വരുന്നുണ്ട്. ഇത് കൂടാതെയാണ് ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ തന്നെ നവീകരണം പൂര്‍ത്തിയാക്കി ഫുഡ് സ്ട്രീറ്റുകള്‍ തുറക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ കുറച്ച് പൊതുജനാരോഗ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങള്‍ ലഭ്യമാക്കുക വഴി ഫുഡ് ടൂറിസം മേഖലയില്‍ക്കൂടി പദ്ധതി മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.