കേന്ദ്ര ബജറ്റ് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കോ പാർശ്വവൽക്കരിക്കപ്പെട്ടവർക്കോ നീതി ഉറപ്പാക്കുന്നില്ല: സീറോ മലബാർ സഭാ അൽമായ ഫോറം

കേന്ദ്ര ബജറ്റ് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കോ പാർശ്വവൽക്കരിക്കപ്പെട്ടവർക്കോ നീതി ഉറപ്പാക്കുന്നില്ല: സീറോ മലബാർ സഭാ അൽമായ ഫോറം

കൊച്ചി: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനോ രാജ്യത്തെ കർഷക സമൂഹത്തിന് പ്രത്യാശ നൽകുന്ന പദ്ധതികൾക്ക് വകയിരുത്താനോ ഈ ബജറ്റ് തയ്യാറായിട്ടില്ല എന്നത് ഏറെ ഖേദകരമാണ്.ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണെന്ന് പറയുമ്പോഴും ന്യൂനപക്ഷങ്ങളും,പാർശ്വവൽക്കരിക്കപ്പെട്ടവരും ഇവിടെ ഒഴിവാക്കപ്പെട്ടു.

സാധാരണ കർഷകന്റെയോ, കേരളത്തിന്‍റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല. സംസ്ഥാനങ്ങൾ തമ്മിലുള്ള അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും കേരളത്തിന്റെ കാർഷിക താൽപര്യങ്ങളെ നിഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും എന്നത് കേരള ജനതയെ ദുഖിപ്പിക്കുന്നു.

കേരളത്തിന്റെ നെൽ കൃഷി, റബ്ബർ കൃഷി,കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് മതിയായ പരിഗണന കിട്ടിയിട്ടില്ല.കക്ഷി രാഷ്ട്രീയ, സങ്കുചിത താത്പര്യങ്ങളാണോ സംസ്ഥാനങ്ങള്‍ക്ക് പദ്ധതികളും ധനസഹായവും അനുവദിക്കുന്നതില്‍ കേന്ദ്രം അനുവര്‍ത്തിച്ചു വരുന്ന മാനദണ്ഡങ്ങള്‍? ഈ വർഷത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കോ, സാമൂഹിക അസമത്വം പരിഹരിക്കുന്നതിനോ, സാമൂഹ്യ നീതി ഉറപ്പാകുന്നതിനോ ഉതകുന്നില്ല.25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റി എന്നു പറയുമ്പോള്‍,ആഗോള ദാരിദ്ര്യസൂചികയില്‍ ഇന്ത്യ ഇപ്പോഴും വളരെ പിറകിലാണ് എന്ന യാഥാർഥ്യം മുൻപിലുണ്ട്. തിരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ചില നീക്കങ്ങളാണ് ധനമന്ത്രി നടത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ടും സമ്പൂര്‍ണ ബജറ്റ് അല്ലാത്തതു കൊണ്ടും ഈ ബജറ്റിന് ഒട്ടും പ്രസക്തിയുമില്ല.കര്‍ഷകര്‍, വിലക്കയറ്റത്താല്‍ ഞെരുക്കത്തിലായ കേരളത്തിലെ സാധാരണക്കാര്‍,തൊഴിലന്വേഷകരായ യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങളെ നിരാശപ്പെടുത്തിയ ബജറ്റാണിത്. കേരള സംസ്ഥാനത്തോടുള്ള അവഗണന ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ തുടർന്നുവെന്ന് മാത്രം. ഭാരതത്തിലെ സാധാരണക്കാരന്റെ ജീവിത ദുരിതം ലഘൂകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഇടം പിടിച്ചില്ല എന്നതും സങ്കടകരമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.