ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ലിവ് ഇന്‍ ടുഗെതര്‍ ബന്ധത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏക സിവില്‍ കോഡ് കരട് ബില്ലിലാണ് ഈ നിര്‍ദേശം. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നവര്‍ 21 വയസിന് താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതവും വേണം.
നിയമം ലംഘിച്ചാല്‍ ആറുമാസം തടവ് ശിക്ഷയോ 25,000 രൂപ പിഴയോ നല്‍കേണ്ടി വരും. ലിവ് ഇന്‍ റിലേഷന്‍ ബന്ധം മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ മൂന്നു മാസം വരെ തടവും 25,000 രൂപയില്‍ കൂടാത്ത പിഴയോ, രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം വൈകിയാലും മൂന്ന് മാസം വരെ തടവോ, 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.
അതേസമയം ഉത്തരാഖണ്ഡ് സ്വദേശികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ലിവ് ഇന്‍ റിലേഷന്‍ ബന്ധം നയിക്കുകയാണെങ്കിലും അവര്‍ക്കും നിയമം ബാധകമാകും. ലിവ് ഇന്‍ ബന്ധങ്ങളില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കും.
അതായത്, വിവാഹ ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളെപ്പോലെ അവരെയും കണക്കാക്കും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഒരു വെബ്‌സൈറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ലിവ് ഇന്‍ ടുഗെതര്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെങ്കിലും അക്കാര്യവും രേഖാമൂലം അറിയിക്കണം. ബന്ധം പിരിയാനായി പറയുന്ന കാരണങ്ങളില്‍ സംശയം തോന്നിയാല്‍ രജിസ്ട്രാര്‍ക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്യാമെന്ന് നിയമത്തില്‍ പറയുന്നു.
ഏക സിവില്‍ കോഡിനായി തയാറാക്കിയ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ബില്ലിനെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബില്ല് പാസായാല്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.