കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കും ഗള്‍ഫിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍; നിരക്ക് കുറഞ്ഞേക്കും

കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കും ഗള്‍ഫിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍; നിരക്ക് കുറഞ്ഞേക്കും

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലക്ഷദ്വീപിലേക്കും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. തിരക്കേറിയ റൂട്ടുകളില്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) ഫ്‌ളൈറ്റ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ഗള്‍ഫ് നാടുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇരട്ടിയാക്കുമെന്നും സിയാല്‍ അധികൃതരെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയായി ലക്ഷദ്വീപ് വലിയ ടൂറിസം ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഇതോടെ യാത്രാക്കാരുടെ എണ്ണവും വര്‍ധിച്ചു.

നിലവില്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ദ്വീപുകളിലേക്ക് വാണിജ്യ വിമാന സര്‍വീസുകള്‍ ഉള്ളത്. അലയന്‍സ് എയര്‍ ആഴ്ചയില്‍ ഏഴ് സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണം ഉയര്‍ന്നത് പരിഗണിച്ച് കമ്പനി ഉടന്‍ തന്നെ രണ്ട് വിമാനങ്ങള്‍ കൂടി ലക്ഷദ്വീപ് സര്‍വീസിനായി ഏര്‍പ്പെടുത്തും. 5500 രൂപയുണ്ടെങ്കില്‍ കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യാം.

അലയന്‍സ് എയറിന് പുറമെ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഇന്‍ഡിഗോയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായേക്കുമെന്നും പ്രതീക്ഷയുണ്ട്. വിവിധ ഓഫറുകളിലൂടെ നിലവില്‍ തന്നെ 5500 നേക്കാള്‍ കുറഞ്ഞ നിരക്കില്‍ ആളുകള്‍ക്ക് ടിക്കറ്റ് എടുക്കാന്‍ സാധിക്കുന്നുണ്ട്.

ഓരോ ആഴ്ചയിലും 97 വിമാനങ്ങളാണ് കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്സ്പ്രസും ആകാശ് എയറും ഈ റൂട്ടില്‍ ആഴ്ചയില്‍ 14 സര്‍വീസുകള്‍ കൂടി നടത്തുമെന്ന് സിയാല്‍ കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. ഇതോടെ ഒരു ആഴ്ചയില്‍ ശരാശരി 16 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് ഉണ്ടാകും. സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നത് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദിലേക്ക് ആഴ്ചയില്‍ 54 സര്‍വീസുകളും ഡല്‍ഹിയിലേക്ക് 77 സര്‍വീസുകളും മുംബൈയിലേക്ക് 80 സര്‍വീസുകളും കൊച്ചിയില്‍ നിന്നും നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഹൈദരാബാദിലേക്കും എയര്‍ ഇന്ത്യ മുംബൈയിലേക്കും ഡല്‍ഹിയിലേക്കും സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. അലയന്‍സ് എയര്‍ ഉടന്‍ തന്നെ കണ്ണൂര്‍, തിരുപ്പതി, മൈസൂരു എന്നിവിടങ്ങളിലേക്ക് റീജിയണല്‍ സര്‍വീസ് ആരംഭിക്കുമെന്നും സിയാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് 114 വിമാന സര്‍വീസുകളാണ് നിലവില്‍ കൊച്ചിയില്‍ നിന്നുള്ളത്. ഇത്തിഹാദും എയര്‍ അറേബ്യയും ഉടന്‍ തന്നെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. മാര്‍ച്ചോടെ സിയാലില്‍ നിന്നുള്ള ആകെ വിമാനങ്ങളുടെ എണ്ണം പ്രതിദിനം 185 ആയി ഉയരും. 2023 ല്‍ സിയാല്‍ യാത്രക്കാരുടെ എണ്ണം ഒരു കോടി കടന്നിരുന്നു. 2024 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനവാണ് എയര്‍പോര്‍ട്ട് അതോറിറ്റി പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.