അഞ്ച് തവണ അടിമയായി വിൽക്കപ്പെടുകയും പിന്നീട് വിശുദ്ധയായി തീരുകയും ചെയ്ത ജോസഫൈൻ ബഖിത; മനുഷ്യക്കടത്തിനെതിരെ നടപടി വൈകരുതെന്ന് ഫ്രാൻസിസ് മാർപാപ്പാ

അഞ്ച് തവണ അടിമയായി വിൽക്കപ്പെടുകയും പിന്നീട് വിശുദ്ധയായി തീരുകയും ചെയ്ത ജോസഫൈൻ ബഖിത; മനുഷ്യക്കടത്തിനെതിരെ നടപടി വൈകരുതെന്ന് ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി: മനുഷ്യക്കടത്തെന്ന ആഗോളവിപത്തിനെ ചെറുക്കുന്നതിന് കൃത്യമായ നടപടികൾ കൈക്കൊള്ളാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ. മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര ദിനത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

അടിമകളായി വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യുന്ന നമ്മുടെ സഹോദരീ സഹോദരന്മാർക്ക് വേണ്ടി നമ്മുടെ ജീവിതവും ഹൃദയവും തുറക്കാനും പ്രതികരിക്കാനും നടപടിയെടുക്കാനും നമുക്കു പരസ്പരം സഹായിക്കാം. വ്യക്തികളും കുടുംബങ്ങളും എന്ന നിലയിലും ഇടവക, സന്യാസ സമൂഹങ്ങൾ എന്ന നിലയിലും സഭാ കൂട്ടായ്മകളായും പ്രസ്ഥാനങ്ങളായും സാമൂഹികവുമായ വിവിധ മേഖലകളിൽ പ്രാർഥനയിലൂടെയും പ്രവർത്തനത്തിലൂടെയും മനുഷ്യ മഹത്വത്തിന്റെ സംരക്ഷണത്തിനായി നമുക്കു തീക്ഷ്ണമായി പ്രാർഥിക്കാം, സജീവമായി പ്രവർത്തിക്കാമെന്ന് പാപ്പ സന്ദേശത്തിലൂടെ പറഞ്ഞു.

മനുഷ്യക്കടത്തിനെതിരായ പ്രാർഥനയുടെയും ബോധവൽക്കരണത്തിന്റെയും അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഓൺലൈൻ പ്രാർഥനാ മാരത്തണിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കർ ഒത്തുചേർന്നു.

കുട്ടിക്കാലത്ത് അടിമത്തത്തിലേക്ക് വിൽക്കപ്പെടുകയും കടത്തുകാരുടെ ഇരയാകുകയും ചെയ്ത സുഡാനിൽ നിന്നുള്ള വിശുദ്ധ ജോസഫൈൻ ബഖിതയുടെ പാതയിലൂടെ നമുക്ക് ഒരുമിച്ച് നടക്കാം. അവൾ സഹിച്ച കഷ്ടപ്പാടുകളോടൊപ്പം നമുക്ക് അവളുടെ ശക്തിയും വിമോചനത്തിൻ്റെയും പുതിയ ജീവിതത്തിലേക്കുള്ള പുനർജന്മത്തിൻ്റെയും യാത്രയും ഓർക്കാമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കാണാതെ പോകുന്നവരെ കാണാനും ശബ്ദമില്ലാത്തവരെ കേൾക്കാനും ഓരോ വ്യക്തിയുടെയും മാന്യത അംഗീകരിക്കാനും എല്ലാത്തരം ചൂഷണത്തിനും എതിരെ പോരാടാനും ബഖിത നമ്മെ പ്രോത്സാഹിപ്പിക്കുന്നെന്നും പാപ്പ കൂട്ടിച്ചേർത്തു.

മനുഷ്യക്കടത്തിന് ഇരയായവരുടെ മധ്യസ്ഥ വിശുദ്ധ ജോസഫൈൻ ബഖിത

ചെറുപ്പത്തിൽ സുഡാനിൽനിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട് അടിമയായി വിൽക്കപ്പെട്ട്, പിന്നീട് കനോസിയൻ സന്യാസിനിയായി തീർന്ന് ക്രിസ്തുവിന് വേണ്ടി ജീവിച്ച വ്യക്തിയാണ് വിശുദ്ധ ജോസഫൈൻ. ‘മനുഷ്യക്കടത്തിന് ഇരകളായവരുടെ മധ്യസ്ഥ’ എന്നപേരിലാണ് വിശുദ്ധ ജോസഫൈൻ ബഖിത അറിയപ്പെടുന്നത്.

1869 ൽ സുഡാനിലെ ഡാർഫൂർ മേഖലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ജോസഫൈൻ ബഖിത ജനിച്ചത്. കുടുംബത്തോടൊപ്പം വയലിൽ പണിയെടുക്കുന്നതിനിടെ തട്ടിക്കൊണ്ടുപോകപ്പട്ട് അടിമയായി വിൽക്കപ്പെടുകയായിരുന്നു. ബന്ദികളാക്കിയവർ അവളുടെ പേരു ചോദിച്ചു. എന്നാൽ വല്ലാതെ ഭയന്നതിനാൽ അവൾക്ക് തന്റെ പേര് ഓർക്കാൻ സാധിച്ചില്ല. അങ്ങനെ അവർ അവൾക്ക് ‘ബഖിത’ എന്ന് പേരിട്ടു. അറബിയിൽ അതിനർഥം ‘ഭാഗ്യവതി’ എന്നാണ്. അവളെ അടിമയായി വാങ്ങിയ ഉടമകളെല്ലാവരും അവളെ വളരെയധികം മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.

അവളുടെ യജമാനന്മാരിലൊരാൾ അവളെ 114 തവണ ശരീരത്തിൽ മുറിപ്പെടുത്തുകയും മുറിവുകളിൽ ഉപ്പുപുരട്ടുകയും ചെയ്തു. ആ മുറിവുകൾ അവശേഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഭയപ്പെടുത്തുന്ന നിമിഷങ്ങളെക്കുറിച്ച് അവൾ തന്റെ ജീവചരിത്രത്തിൽ കുറിച്ചിട്ടുണ്ട്.

അഞ്ചുതവണ അടിമയായി വിൽക്കപ്പെട്ട ബഖിതയെ പിന്നീട് വാങ്ങിയത് സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിലെ ഇറ്റാലിയൻ കോൺസൽ കാലിസ്റ്റോ ലെഗ്നാനിയാണ്. രണ്ട് വർഷത്തിനുശേഷം, തന്റെ സഹപ്രവർത്തകനായ അഗസ്റ്റോ മിഷേലിയുടെ ആയയായി ജോലിചെയ്യാൻ അദ്ദേഹം ബഖിതയെ ഇറ്റലിയിലേക്കു കൊണ്ടുപോയി. കനോസിയൻ സന്യാസിനികൾ നടത്തുന്ന വെനീസിലെ ഒരു സ്കൂളിലേക്ക് മകളെ കൊണ്ടുചെന്നാക്കാൻ മിഷേലി, ബഖിതയെ നിയോഗിച്ചു. സന്യാസിനിമാരിലൂടെ ബഖിത ക്രിസ്തുവിനെക്കുറിച്ചും സഭയെക്കുറിച്ചും അറിയാനിടയായി. അങ്ങനെ ‘ജോസഫൈൻ മാർഗരറ്റ്’ എന്ന പേരിൽ ബഖിത ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ അംഗമായി.

1893-ൽ കനോസിയൻ സന്യാസ സമൂഹത്തിൽ പ്രവേശിക്കുകയും 1896 ൽ അവൾ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. എന്നെ തട്ടിക്കൊണ്ടുപോയ അടിമക്കച്ചവടക്കാരെയും എന്നെ പീഡിപ്പിച്ചവരെയും കണ്ടുമുട്ടിയാൽ ഞാൻ മുട്ടുകുത്തി അവരുടെ കൈകളിൽ ചുംബിക്കും. കാരണം അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ, ഞാൻ ഒരു ക്രിസ്ത്യാനിയോ, സന്യാസിനിയോ ആവുകയില്ലായിരുന്നെന്ന് വി. ജോസഫൈൻ ബഖിത തന്റെ ക്രിസ്തീയജീവിതയാത്രയിൽ പലയാവർത്തി പറഞ്ഞിട്ടുണ്ട്

വിശുദ്ധ ജോസഫൈൻ 1992 ൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുകയും 2000 ഒക്ടോബറിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. സുഡാനിൽ നിന്ന് വിശുദ്ധയായി ഉയർത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് വിശുദ്ധ ജോസഫൈൻ ബഖിത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.