മാനന്തവാടി: മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മഗ്‌നയുടെ സിഗ്‌നല്‍ കിട്ടിയതായി റിപ്പോര്‍ട്ട്. കാട്ടിക്കുളം ബാവലി പാതയിലെ ആനപ്പാറ വളവില്‍ നിന്നാണ് സിഗ്‌നല്‍ കിട്ടിയതെന്ന് ദൗത്യ സംഘം പറയുന്നു.
ആന കര്‍ണാടക ഭാഗത്തേക്കാണ് നീങ്ങുന്നത്. ഇപ്പോള്‍ ചേലൂര്‍ മണ്ണുണ്ടിക്ക് സമീപത്തെ വന മേഖലയിലുള്ള ആന നാഗര്‍ഹോള വന്യജീവി സങ്കേതത്തിലേക്കാണ് നീങ്ങുന്നതെന്ന് സംഘം പറയുന്നു. മഗ്‌നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ആര്‍.ആര്‍.ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും സംഘം ശ്രമിക്കുക.
ആനയെ പിടികൂടാന്‍ ദൗത്യസംഘം എല്ലാ സജ്ജീകരണങ്ങളോടെയും തയ്യാറായി ഇരിക്കുകയാണ്. നാല് കുങ്കിയാനങ്ങളെ ബാവലിയില്‍ എത്തിച്ചിട്ടുണ്ട്. ട്രാക്കിങ് ടീം കാട്ടില്‍ കയറി. അഞ്ച് ഡി.എഫ്.ഒമാരും നാല് വെറ്റിനറി ഓഫീസര്‍മാരും ഇവര്‍ക്കൊപ്പമുണ്ട്. കൂടാതെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം കാട്ടാനയുടെ ആക്രമണത്തിന് കാരണം കര്‍ണാടക വനം വകുപ്പിന്റെ വീഴ്ചയാണെന്ന് കേരളം വ്യക്തമാക്കി. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവര കൈമാറ്റത്തില്‍ കര്‍ണാടക വനം വകുപ്പിന് വീഴ്ച സംഭവിച്ചു. റേഡിയോ കോളര്‍ വിവരങ്ങള്‍ കേരളം ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയ്യാറായില്ല. ആനയുടെ സഞ്ചാര പാത സംബന്ധിച്ച ഫ്രീക്വന്‍സി കര്‍ണാടകയോട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് കേരള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അജീഷ് കൊല്ലപ്പെട്ടെന്ന വിവരം കര്‍ണാടകയ്ക്ക് കൈമാറിയ ശേഷമാണ് ഫീക്വന്‍സി നല്‍കിയത്. കോയമ്പത്തൂരില്‍ നിന്ന് റിസീവറെ എത്തിച്ചാണ് ആനയെ നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കിയത്.
തണ്ണീര്‍ കൊമ്പന്റെ റേഡിയോ കോളര്‍ വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ ലഭിച്ച സമയത്ത് അതിനൊപ്പം സഞ്ചാര പാതയില്‍ മഗ്‌ന എന്ന ആനയും ഉണ്ടായിരുന്നതായി വിവരം നല്‍കിയിരുന്നുവെന്ന് കേരളം വ്യക്തമാക്കി.
കര്‍ണാടക വനം വകുപ്പ് കഴിഞ്ഞ നവംബര്‍ 30 ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് മോലഹളളി വനത്തിലേക്ക് വിട്ട ബേലൂര്‍ മഗ്‌ന (മോഴ) എന്ന കാട്ടാനയാണ് ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിന് സമീപം കര്‍ഷകനായ അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.