ആശ്ചര്യപ്പെടുത്തുന്നതും അതിശയിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ക്ക് എന്നും കാഴ്ചക്കാര്‍ ഏറെയാണ്. സഞ്ചാര പ്രിയരായവര്‍ ലോകത്തിലെ പലയിടങ്ങളില്‍ നിന്നുള്ള വ്യത്യസ്ത അനുഭവങ്ങള്‍ ആസ്വദിക്കാനും ആഗ്രഹിക്കുന്നവരാണ്. അല്‍പം വെറൈറ്റി ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരിടമുണ്ട്. അങ്ങ് ആംസ്റ്റര്‍ഡാമില്‍.
ക്രെയിന്‍ ഹോട്ടലായ ഫറാള്‍ഡ ആണ് ഇത്തരത്തില്‍ തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ക്രെയിനിലാണ് ഈ ആഡംബര ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വടക്കു പടിഞ്ഞാറന്‍ ആംസ്റ്റര്‍ഡാമിലെ മുന്‍ ഷിപ്പിങ് വാര്‍ഫ് ആയ ട്രെന്‍ഡി എന്‍ഡിഎസ്എം ഏരിയയിലാണ് ഈ ഹോട്ടല്‍.
പൂര്‍ണമായും ക്രെയിനിലാണ് ഈ ഹോട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ക്രെയിന്‍ ഹോട്ടല്‍ കൂടിയാണ് ഫറാള്‍ഡ. 2011 മുതല്‍ 2016 വരെയുള്ള കാലത്ത് നടത്തിയ പുനഃര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അതിശയിപ്പക്കുന്ന ഈ ഹോട്ടല്‍ ഇത്തരത്തില്‍ രൂപകല്‍പന ചെയ്തത്. ഏല്ലാവിധ ആധുനിക സൗകര്യങ്ങളും ഹോട്ടലിലുണ്ട്.
തികച്ചും വ്യത്യസ്തമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ ഹോട്ടലിന്റെ പ്രധാന ആകര്‍ഷണം. കാറ്റിന് അനുസരിച്ച് ഗതി മാറാറുണ്ട് ക്രെയിനിന്റെ. അതുകൊണ്ടുതന്നെ ഒരേ റൂമിലാണ് ഇരിക്കുന്നതെങ്കിലും വ്യത്യസ്തമായ കാഴ്ചാനുഭവം ലഭിക്കും ഹോട്ടലിലെ താമസക്കാര്‍ക്ക്. ഒരുപക്ഷെ രാത്രി കിടക്കമ്പോള്‍ കാണുന്ന കാഴ്ചകളായിരിക്കില്ല രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണാന്‍ സാധിക്കുക.
ഒരു ഡോക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ക്രെയിനിലാണ് ഹോട്ടല്‍ മുറിരകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഏകദേശം 114 അടി മുതല്‍ 164 അടി വരെ ഉയരത്തിലാണ് മുറികള്‍. ഫ്രീ സ്പിരിറ്റ്, സീക്രട്ട്, മിസ്റ്റിക് എന്നിങ്ങനൊണ് സ്യൂട്ടുകളുടെ ക്രമീകരണം. ഓരോ സ്യൂട്ടും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അലങ്കാരത്തിലും സ്യൂട്ടുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ഏറ്റവും ഉയരത്തിലുള്ള സ്യൂട്ട് ആണ് മിസ്റ്റിക്. മുങ്ങിപ്പോയ ഒരു സമുദ്രക്കപ്പലിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് മിസ്റ്റിക് സ്യൂട്ട് ഒരുക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു ആകര്‍ഷണം.
അതേസമയം ക്രെയിനില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഹോട്ടല്‍ റുമുകളല്ലാതെ റസ്‌റ്റോറന്റോ മറ്റ് ഭക്ഷണ ശാലകളോ ഈ ഹോട്ടലില്‍ ഇല്ല. എങ്കിലും താമസക്കാരുടെ ഇഷ്ടാനുസരണം ഭക്ഷണം പുറത്തു നിന്നും മുറിയില്‍ എത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനമുണ്ട് ഇവിടെ. ഏകദേശം 35,000 രൂപയോളമാണ് ഒരു രാത്രിക്ക് ഇവിടുത്തെ നിരക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.