ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരെ നടപടിയെടുക്കരുതെന്ന് എസ്എഫ്ഐഒയോട് കര്‍ണാടക ഹൈക്കോടതി. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ കടുത്ത നടപടിയെടുക്കരുതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്ന് എക്സാ ലോജിക്കിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അറസ്റ്റിന് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് തല്‍ക്കാലം നോട്ടീസ് മാത്രമേ നല്‍കൂ എന്നാണ് എസ്എഫ്ഐഒ കോടതിയോട് പറഞ്ഞത്. എക്സാലോജികിന് 1.72 കോടി നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എക്സാലോജിക് സേവനമൊന്നും നല്‍കിയിട്ടില്ലെന്നും എസ്എഫ്ഐഒ കോടതിയില്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ക്ക് സിഎംആര്‍എല്‍ 135 കോടി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്‌സാലോജിക്ക് കോടതിയില്‍ വാദിച്ചത്. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. അത് തുടരാമെന്നും സിഎംആര്‍എല്ലുമായി ഇടപാടിലെ ആരോപണത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും എക്‌സാലോജിക് അറിയിച്ചു. അതോടെ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം എന്തായെന്ന് കോടതി ചോദിച്ചു. ഇപ്പോള്‍ അന്വേഷണ പുരോഗതിയെക്കുറിച്ച് അറിയില്ലെന്നാണ് എക്‌സാലോജിക്കിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.