ഇസ്രയേലിന്റെ യുദ്ധമുഖത്ത് ഇന്ത്യന്‍ ഡ്രോണുകള്‍: അദാനിയുടെ സ്ഥാപനം കൈമാറിയത് ഇരുപതിലധികം ഡ്രോണുകളെന്ന് റിപ്പോര്‍ട്ട്

ഇസ്രയേലിന്റെ യുദ്ധമുഖത്ത് ഇന്ത്യന്‍ ഡ്രോണുകള്‍: അദാനിയുടെ  സ്ഥാപനം കൈമാറിയത് ഇരുപതിലധികം ഡ്രോണുകളെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഹമാസുമായി പോരാട്ടം തുടരുന്ന ഇസ്രയേലിന് ഇന്ത്യന്‍ വ്യവസായ ഭീമന്‍ ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനി സൈനിക ഡ്രോണുകള്‍ നല്‍കിയതായി റിപ്പോര്‍ട്ട്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'അദാനി എല്‍ബിറ്റ് അഡ്വാന്‍സ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ്' ആണ് ഇരുപതിലധികം ഹെര്‍മിസ് ഡ്രോണുകള്‍ ഇസ്രയേലിന് നല്‍കിയത്. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ദ വയര്‍' ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

ഹെര്‍മിസ് 900 മീഡിയം ആള്‍റ്റിറ്റിയൂട്, ലോങ് എന്‍ഡുറന്‍സ് യുഎവികള്‍ ഫെബ്രുവരി രണ്ടിനാണ് ഇസ്രയേലിന് വിറ്റത്. പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ള 'ഷെപാര്‍ഡ് മീഡിയ' ആണ് ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇന്ത്യയോ ഇസ്രയേലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച ഡ്രോണുകള്‍ ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് അദാനിയുമായി അടുത്ത വൃത്തങ്ങള്‍ തങ്ങളോട് സ്ഥിരീകരിച്ചതായി ദ വയര്‍ പറയുന്നു.

2018 ലാണ് ഇസ്രയേലിന്റെ എല്‍ബിറ്റ് സിസ്റ്റംസ് അദാനി ഡിഫന്‍സുമായി കരാറില്‍ ഏര്‍പ്പെടുന്നത്. അതിന്റെ ഭാഗമായാണ് ഇസ്രയേലിന് പുറത്ത് ആദ്യമായി ആളില്ലാ വിമാനങ്ങള്‍ നിര്‍മിക്കുന്ന 150 കോടി ഡോളറിന്റെ സംയുക്ത സംരംഭം ഹൈദരാബാദില്‍ ആരംഭിക്കുന്നത്.

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച കടുത്ത ആക്രമണങ്ങളില്‍ ഡ്രോണുകള്‍ പ്രത്യേകിച്ച് ഹെര്‍മിസ് 900 ഡ്രോണുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

മുപ്പത് മണിക്കൂറിലധികം പ്രവര്‍ത്തനക്ഷമതയുള്ള ഹെര്‍മിസ് 900 ഉപയോഗിച്ചാണ് മുനമ്പില്‍ ഇസ്രയേല്‍ പ്രധാനമായും നിരീക്ഷണം നടത്തുന്നത്. അതേസമയം നിരീക്ഷണങ്ങള്‍ക്ക് മാത്രമല്ല ചെറിയ ലേസര്‍ ഗൈഡഡ് ബോംബുകള്‍ പ്രയോഗിക്കാനും ഇസ്രയേല്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.