ഡ്രോണുകളെ വീഴ്ത്താന്‍ പട്ടങ്ങള്‍; കണ്ണീര്‍ വാതകത്തെ പ്രതിരോധിക്കാന്‍ നനഞ്ഞ ചണച്ചാക്കുകളും മുള്‍ട്ടാണി മിട്ടിയും: കര്‍ഷകരുടെ നാടന്‍ പ്രയോഗങ്ങളില്‍ നട്ടംതിരിഞ്ഞ് പൊലീസ്

ഡ്രോണുകളെ വീഴ്ത്താന്‍ പട്ടങ്ങള്‍; കണ്ണീര്‍ വാതകത്തെ പ്രതിരോധിക്കാന്‍ നനഞ്ഞ ചണച്ചാക്കുകളും മുള്‍ട്ടാണി മിട്ടിയും: കര്‍ഷകരുടെ നാടന്‍ പ്രയോഗങ്ങളില്‍ നട്ടംതിരിഞ്ഞ് പൊലീസ്

ന്യൂഡല്‍ഹി: പ്രതിഷേധ സമരം തടയാനുള്ള പൊലീസിന്റെ നീക്കങ്ങളെ നേരിടാന്‍ വേറിട്ട മാര്‍ഗങ്ങളുമായി കര്‍ഷകര്‍. സമരത്തെ ചെറുക്കാന്‍ ബിജെപി ഭരിക്കുന്ന ഹരിയാനയിലെ പൊലീസും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസും യുദ്ധസമാനമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ തനി നാടന്‍ പ്രയോഗങ്ങളാണ് കര്‍ഷകര്‍ നടത്തുന്നത്.

കര്‍ഷകര്‍ സംസ്ഥാനത്ത് കടക്കുന്നത് തടയാന്‍ ഹരിയാന പൊലീസ് കണ്ണീര്‍ വാതക ഡ്രോണുകള്‍ പ്രയോഗിച്ചിരുന്നു. പട്ടം നൂലില്‍ കുരുക്കി ഡ്രോണുകള്‍ വീഴ്ത്താന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പൊലീസ് ഡ്രോണുകള്‍ പിന്‍ലിച്ചു.

കണ്ണീര്‍ വാതകം പ്രയോഗിക്കുന്നത് നേരിടാന്‍ നനഞ്ഞ ചണച്ചാക്കുകള്‍, കണ്ണീര്‍ വാതകത്തെ തുടര്‍ന്നുണ്ടാവുന്ന പൊള്ളലില്‍ നിന്ന് രക്ഷനേടാന്‍ മുള്‍ട്ടാണി മിട്ടി എന്നിവയും സമരക്കാര്‍ ഉപയോഗിക്കുന്നുണ്ട്. മുള്‍ട്ടാണി മിട്ടി പുരട്ടുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെടും.

ഇതുകൂടാതെ കണ്ണീര്‍ വാതകത്തെ പ്രതിരോധിക്കുന്ന അത്യാധുനിക കണ്ണട, ഗ്യാസ് മാസ്‌ക്, റബര്‍ ബുള്ളറ്റിനെ നേരിടാന്‍ തക്ക പടച്ചട്ട എന്നിവയും കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറിലെ കാഴ്ചകളാണിത്.

മലനിരകളില്‍ ട്രക്കിങിന് പോകുന്നവര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കണ്ണട പലരും വച്ചിരുന്നു. ബുള്ളറ്റ് പ്രൂഫ് കവചങ്ങളും സമരക്കാരുടെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഒട്ടേറെ പേര്‍ സമര മുഖത്തുണ്ട്.

കര്‍ഷക നേതാക്കളുടെ ഭാഗത്തു നിന്ന് സന്ദേശം ലഭിച്ചാലുടന്‍ കണ്ണീര്‍ വാതകത്തെയും റബര്‍ ബുള്ളറ്റുകളെയും ഭേദിച്ച് പൊലീസ് ബാരിക്കേഡുകളും തകര്‍ത്ത് മുന്നോട്ടു പോകാനാണ് സമരക്കാരുടെ ഇത്തരം സന്നാഹങ്ങള്‍. ഇതിനിടെ, തങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്നു കയറി ഡ്രോണുകള്‍ ഉപയോഗിക്കുന്നതില്‍ ഹരിയാന പൊലീസിനെ പഞ്ചാബ് എതിര്‍പ്പ് അറിയിച്ചു.

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.