എന്താണ് ഇലക്ടറല്‍ ബോണ്ടുകള്‍?.. ജയ്റ്റ്‌ലിയുടെ കണ്ടുപിടുത്തം ബിജെപിയെ സമ്പന്നരാക്കി; കഴിഞ്ഞ വര്‍ഷം കിട്ടിയത് 1300 കോടി: അവസാനം സുപ്രീം കോടതി തടയിട്ടു

എന്താണ് ഇലക്ടറല്‍ ബോണ്ടുകള്‍?.. ജയ്റ്റ്‌ലിയുടെ കണ്ടുപിടുത്തം ബിജെപിയെ സമ്പന്നരാക്കി; കഴിഞ്ഞ വര്‍ഷം കിട്ടിയത് 1300 കോടി: അവസാനം സുപ്രീം കോടതി തടയിട്ടു

ബിജെപിക്ക് ആകെ ലഭിച്ച സംഭാവനയില്‍ 61 ശതമാനവും ഇലക്ടറല്‍ ബോണ്ടുകള്‍ വഴി. 2021-22 ല്‍ ലഭിച്ചത് 1775 കോടി. 2022-23 ല്‍ 1300 കോടി. കോണ്‍ഗ്രസിന് 2022-23 ല്‍ ലഭിച്ചത് 171 കോടി മാത്രം. 2021-22 കാലത്ത് 236 കോടിയും.

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയിലൂടെ ധന സമാഹരണം നടത്താനായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയതാണ് ഇലക്ടറല്‍ ബോണ്ടുകള്‍. 2017 ല്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് തന്റെ ബജറ്റ് പ്രസംഗത്തിനിടെ ഇലക്ടറല്‍ ബോണ്ടിനെപ്പറ്റി ആദ്യ പരാമര്‍ശം നടത്തുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സംഭാവന സുതാര്യമാക്കണം എന്നൊക്കെ പറഞ്ഞായിരുന്നു അദേഹം പദ്ധതിയെ പരിചയപ്പെടുത്തിയതെങ്കിലും പിന്നീട് സംഭവിച്ചത് മറിച്ചാണ്. സുപ്രീം കോടതിയുടെ പിടി വീഴാനുള്ള കാരണവും ഈ സുതാര്യതയില്ലായ്മയാണ്.

2018 ജനുവരിയിലാണ് ഒരു ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ആരംഭിച്ചത്. ഇലക്ടറല്‍ ബോണ്ടുകള്‍ ഒരു പ്രോമിസറി നോട്ടാണെന്ന് പറയാം. എന്നാല്‍ അതില്‍ ആരാണ് വാങ്ങിക്കുന്നതെന്നോ പണം നല്‍കുന്നതെന്നോ പറയേണ്ടതില്ല.

അതായത് പണം നല്‍കുന്ന കമ്പനിയുടെ പേര് പുറത്ത് ലഭ്യമാകില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില പ്രത്യേക ശാഖകളിലൂടെ ഇന്ത്യക്കാരനായ വ്യക്തിയ്ക്കോ, കമ്പനികള്‍ക്കോ, തനിച്ചോ കൂട്ടായോ ബോണ്ടുകള്‍ വാങ്ങാം. ഇതായിരുന്നു വ്യവസ്ഥ.

ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി രൂപ തുടങ്ങിയ തുകകളിലായിരുന്നു ബോണ്ടുകള്‍ വിറ്റഴിച്ചിരുന്നത്. സംഭാവന എന്ന തരത്തിലായതിനാല്‍ ഇവയ്ക്ക് നൂറ് ശതമാനം നികുതിയിളവും ലഭ്യമായിരുന്നു.

അതേസമയം ബോണ്ടുകള്‍ സ്വീകരിക്കുന്നവരുടെ വ്യക്തി വിവരങ്ങള്‍ തികച്ചും സ്വകാര്യമായി തന്നെ ബാങ്കും സംഭാവന സ്വീകരിക്കുന്ന രാഷ്ട്രീയ കക്ഷിയും സൂക്ഷിക്കും. അതിനാല്‍ സംഭാവന നല്‍കുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ കുറിച്ചുള്ള വിവരം ഒരുതരത്തിലും പരസ്യമാകില്ല എന്ന സൗകര്യമുണ്ടായിരുന്നു.

1951 ലെ റെപ്രസെന്റേഷന്‍ ഓഫ് ദ പീപ്പിള്‍സ് ആക്ടിന്റെ 29 എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മുന്‍ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ ഒരു ശതമാനത്തില്‍ കുറയാതെ നേടിയ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം സ്വീകരിക്കാം.

പദ്ധതി നടപ്പാക്കുന്നതിനായി കമ്പനീസ് ആക്ട്, ഇന്‍കം ടാക്സ് ആക്ട്, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവയില്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഭേദഗതികള്‍ നടപ്പാക്കുകയും ചെയ്തിരുന്നു.

ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ബിജെപിയായിരുന്നു. 2021-22 ല്‍ ബിജെപി്ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ചത് 1775 കോടി രൂപയായിരുന്നു. 2022-23 ല്‍ ല്‍ ബിജെപി ഇതുവഴി 1300 കോടി രൂപ നേടി. കോണ്‍ഗ്രസിന് 2022-23 ല്‍ ലഭിച്ചത് 171 കോടി രൂപ മാത്രമായിരുന്നു. 2021-22 കാലത്ത് കോണ്‍ഗ്രസിന് 236 കോടി രൂപ നേടാനായിരുന്നു. ബിജെപിയ്ക്ക് ആകെ ലഭിച്ച സംഭാവനയില്‍ 61 ശതമാനവും ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയായിരുന്നു.

എന്നാല്‍ ഈ പദ്ധതിയുടെ ഭരണഘടനാ പ്രാബല്യത്ത ചോദ്യം ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളും ചില സന്നദ്ധ സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചു. 2023 ഒക്ടോബറിലാണ് കേസില്‍ സുപ്രീം കോടതി വാദം കേട്ടു തുടങ്ങിയത്. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ നിയമ സാധുതയെ കുറിച്ചും പദ്ധതിമൂലം രാജ്യത്തിനുണ്ടായോക്കാവുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും ഹര്‍ജിക്കാര്‍ വാദങ്ങള്‍ ഉന്നയിച്ചു.

പദ്ധതി മൂലം വിവരാവകാശ ലംഘനമുണ്ടാകുമെന്നും കടലാസ് കമ്പനികള്‍ക്ക് അവസരങ്ങള്‍ ഒരുക്കുമെന്നും അഴിമതിയ്ക്ക് പ്രോത്സാഹനമാകുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പദ്ധതിയിലൂടെ ലഭ്യമാകുന്ന സംഭാവനകള്‍ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കുപരിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കാനിടയുണ്ടെന്ന് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

പദ്ധതി സുതാര്യമാണെന്നും തിരഞ്ഞെടുപ്പില്‍ അനധികൃത പണം ഉപയോഗിക്കുന്നതിനെ പദ്ധതി പ്രതിരോധിക്കുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന എത്രയെന്ന് പരസ്യമായി വെളിപ്പെടുത്താതത് വോട്ടര്‍മാരുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങിനെ കൂടുതല്‍ ദുരൂഹമാക്കുകയാണ് ചെയ്തതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിലും പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിച്ചിരുന്നു.

എസ്ബിഐ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തണമെന്നാണ് ഇന്നത്തെ വിധിയിലൂടെ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 13 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്. എന്തായാലും ബിജെപിക്ക് വലിയ തിരിച്ചടി നല്‍കിയ ഒരു വിധിയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.