ഹൈദരാബാദ്: മകള്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക ശേഷി ഉള്ളതിനാല്‍ പിതാവ് സ്വയം സമ്പാദിച്ച സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് പറയാനാവില്ലെന്ന് തെലങ്കാന ഹൈക്കോടതി. സഹോദരിക്കെതിരെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എം.ജി പ്രിയദര്‍ശിനിയുടേതാണ് ഈ നിരീക്ഷണം.
സഹോദരിക്ക് നല്ല സാമ്പത്തിക സ്ഥിതിയാണുള്ളതെന്നും പിതാവിന് പാരമ്പര്യമായി കിട്ടിയതല്ലെന്നും സ്വയം അധ്വാനിച്ചുണ്ടാക്കിയതാണെന്നും അതിനാല്‍ സ്വത്ത് നല്‍കാനാവില്ലെന്നുമായിരുന്നു വാദം. എന്നാല്‍ മകള്‍ക്ക് സാമ്പത്തിക സ്ഥിതിയുണ്ടെങ്കിലും പിതാവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നത് തടയാനാവില്ലെന്നാണ് കോടതി പറഞ്ഞത്.
മകളുടെ വിവാഹ സമയത്ത് വിവാഹ സമ്മാനമായി സ്വര്‍ണവും സ്വത്തിന്റെ ഒരു ഭാഗവും നല്‍കിയിരുന്നെന്നും സഹോദരന്‍ വാദിച്ചു. എന്നാല്‍ ഇങ്ങനെ സ്വത്തുക്കള്‍ നല്‍കിയെന്ന് പറയുന്നതില്‍ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇനി അഥവാ വിവാഹ സമയത്ത് അത്തരത്തില്‍ സ്വത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ തന്നെ പിതാവ് അധ്വാനിച്ചുണ്ടാക്കിയ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി. രണ്ട് പേരുടേയും അമ്മയെയും കേസില്‍ കക്ഷി ചേര്‍ത്തു. മരിച്ചു പോയ ഭര്‍ത്താവിന്റെ സ്വത്തില്‍ ഓരോ ഓഹരി വീതം രണ്ടു മക്കള്‍ക്കും നല്‍കാമെന്ന് അമ്മ രേഖാമൂലം ഉറപ്പ് നല്‍കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.