ചൊവ്വയില്‍ 'താമസിക്കാന്‍' നാസ സന്നദ്ധ സേവകരെ തേടുന്നു; അപേക്ഷകര്‍ പുക വലിക്കാത്തവരാകണം

ചൊവ്വയില്‍ 'താമസിക്കാന്‍' നാസ സന്നദ്ധ സേവകരെ തേടുന്നു; അപേക്ഷകര്‍ പുക വലിക്കാത്തവരാകണം

കാലിഫോര്‍ണിയ: ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരവുമായി നാസ. ചൊവ്വാ ദൗത്യത്തിലേക്ക് സന്നദ്ധ സേവകരെ തേടുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി. ചൊവ്വയുടേതിന് സമാനമായി കൃത്രിമമായി സൃഷ്ടിച്ച സാഹചര്യത്തില്‍ ഒരു വര്‍ഷം താമസിച്ച് നാസയോടൊപ്പം വിവിധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ നാല് പേരെയാണ് ബഹിരാകാശ പര്യവേക്ഷണ കേന്ദ്രം തേടുന്നത്. ചൊവ്വാ ഗ്രഹത്തില്‍ ഒരു വര്‍ഷം താമസിക്കുന്നത് മനുഷ്യ ശരീരത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളേക്കുറിച്ച് പഠിക്കാനാണ് ഈ പരീക്ഷണം.

ടെക്‌സാസിലെ ഹൂസ്റ്റണില്‍ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില് സജ്ജമാക്കുന്ന ത്രീഡി പ്രിന്റഡ് ചൊവ്വാ ഗ്രഹത്തിലാണ് നിര്‍ണായ പരീക്ഷണങ്ങള്‍ നടക്കുക. പരീക്ഷണം 1700 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള കൃത്രിമ ചൊവ്വാ ഗ്രഹത്തിലാണ് നടക്കുക. ചൊവ്വയുടെ ഉപരിതലത്തില്‍ കഴിയുംപോലെയാകും ഇവിടുത്തെ ജീവിതം. ഈ പരീക്ഷണത്തിന് നല്‍കിയിരിക്കുന്ന പേര് മാര്‍സ് ഡൂണ്‍ ആല്‍ഫ എന്നാണ്.

ഭക്ഷ്യ വസ്തുക്കള്‍ വളര്‍ത്താനും ആരോഗ്യ സംരക്ഷണത്തിനും പഠനത്തിനുമായി വിവിധ ഇടങ്ങളുള്ള ഈ കൃത്രിമ ഗ്രഹത്തില്‍ കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ചായിരിക്കും സന്നദ്ധ സേവനത്തിനെത്തുന്നവരുടെ അതിജീവനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ താമസിക്കുന്ന സ്ഥലം ശുചിയാക്കുന്നതും ചെടികള്‍ വളര്‍ത്തുന്നതും ഉള്‍പ്പെടെ ഗവേഷക സംഘവുമായി ബന്ധപ്പെട്ട് റോബോട്ടിക്‌സ് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടേണ്ടി വരും.

ഭൂമിയുമായി ബന്ധങ്ങളില്‍ തടസങ്ങള്‍ നേരിടുന്നതടക്കമുള്ള വെല്ലുവിളികള്‍ കൃത്രിമ ചൊവ്വാഗ്രഹത്തില്‍ താമസിക്കുന്നവര്‍ക്ക് നേരിടേണ്ടി വരും. 2025ഓടെ പരീക്ഷണം ആരംഭിക്കുമെന്നാണ് വിവരം. ഏപ്രില്‍ രണ്ട് വരെയാണ് സന്നദ്ധ സേവനത്തിന് അപേക്ഷിക്കാനാവുക. 30 മുതല്‍ 55 വരെ പ്രായമുള്ള അമേരിക്കന്‍ പൗരന്മാര്‍ക്കോ പിആര്‍ ലഭിച്ചവര്‍ക്കോ ആണ് പരീക്ഷണത്തിന് അപേക്ഷിക്കാനാവുക. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്നവരും പുകവലിക്കുന്ന ശീലമില്ലാത്തവരും ആയിരിക്കണം അപേക്ഷകര്‍. സൈനിക സേവനം ചെയ്തവര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കും അപേക്ഷകരില്‍ പ്രഥമ പരിഗണന നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.