വന്യജീവി പ്രതിരോധത്തിന് പദ്ധതി സമര്‍പ്പിച്ചാല്‍ കൂടുതല്‍ തുക അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ്.
കല്‍പ്പറ്റ: ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാമെന്നും ഇതിന് നിയമ ഭേദഗതി ആവശ്യമില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ആക്രമണകാരികളായ വന്യജീവികളെ വെടിവച്ചു കൊല്ലണമെന്ന ജനങ്ങളുടെ ആവശ്യത്തോട് കേന്ദ്ര നിയമത്തിന്റെ പേര് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കുമ്പോഴാണ് കേന്ദ്ര മന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരു പോലെ പ്രധാനമാണ്. പ്രശ്‌നക്കാരായ വന്യമൃഗങ്ങളെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്നും വയനാട്ടില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും മറ്റുമായി കേരളത്തിന് 2022-23 ല്‍ 15.82 കോടി രൂപ നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച് സംസ്ഥാനം ജനങ്ങളെ സംരക്ഷിക്കണം. വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കേന്ദ്രം 10 ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. വന്യജീവി പ്രതിരോധത്തിന് പദ്ധതി സമര്‍പ്പിച്ചാല്‍ കൂടുതല്‍ തുക അനുവദിക്കുന്നത് പരിഗണിക്കും.
ആളെക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഖ്‌നയുടെ ലൊക്കേഷന്‍ ജനങ്ങളെ അപ്പപ്പോള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കണം. കേരളവും തമിഴ്നാടും കര്‍ണാടകവും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുന്‍കൈ എടുക്കും. വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
വന്യ മൃഗങ്ങളെ നിയന്ത്രിതമായ രീതിയില്‍ വേട്ടയാടുന്നത് അവയുടെ എണ്ണം കുറയ്ക്കാനും വനത്തിനടുത്ത് ജീവിക്കുന്നവരെ മൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സാധ്യമാക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. വന്യമൃഗങ്ങളെ നിയന്ത്രിതമായി വേട്ടയാടേണ്ടത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണന്നും അദേഹം വ്യക്തമാക്കിയിരുന്നു.
1972 ലെ വന്യജീവി സംരക്ഷണ നിയമം മനുഷ്യര്‍ക്ക് മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണ്. സംരക്ഷിത വനമേഖലയ്ക്ക് പുറത്തിറങ്ങി മനുഷ്യന്റെ ആവാസ മേഖലയില്‍ അതിക്രമിച്ചു കടക്കുന്ന വന്യജീവികളെ കൊല്ലുന്നതില്‍ തെറ്റില്ല.
ഇന്ത്യയില്‍ മാത്രമാണ് രാജ്യവ്യാപകമായി മൃഗ വേട്ടയ്ക്ക് നിരോധനമുള്ളത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള വന്യജീവി സംരക്ഷണമാണ് വേണ്ടതെന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.