വാഷിങ്ടണ്‍: ബഹിരാകാശത്ത് ആണവായുധം വിക്ഷേപിക്കാനൊരുങ്ങുകയാണ് റഷ്യയെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഈ വര്‍ഷം തന്നെ വിക്ഷേപണമുണ്ടാകുമെന്നാണ് യുഎസ് നല്‍കുന്ന സൂചന. ഗുരുതരമായ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതാണ് റഷ്യയുടെ നീക്കമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഊഹാപോഹങ്ങള്‍ക്കു വിരുദ്ധമായി നിരുപദ്രവകരമായ ഡമ്മി ആയുധം റഷ്യ വിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ നാറ്റോ - ഏഷ്യന്‍ സഖ്യ കക്ഷികള്‍ക്കായി നടത്തിയ അതീവ സുരക്ഷാ ബ്രീഫിങ്ങിലാണ് റഷ്യ ബഹിരാകാശത്ത് ആണവായുധം വിക്ഷേപിക്കാനുളള തയാറെടുപ്പിലാണെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ അമേരിക്കയുടെ ആരോപണം റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തള്ളി.
ഉക്രെയ്‌ന് കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് റഷ്യയുടെ ആരോപണം. മുന്നറിയിപ്പ് അമേരിക്കയുടെ ഭാവനയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ബഹിരാകാശത്ത് ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതിന് റഷ്യ എല്ലായ്പ്പോഴും എതിരാണെന്ന് പ്രതിരോധ മന്ത്രി സെര്‍ജി കെ ഷോയ്ഗുവുമായുള്ള കൂടിക്കാഴ്ചയില്‍ പുടിന്‍ പറഞ്ഞു. ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതും ഭ്രമണപഥത്തെ ആയുധവല്‍ക്കരിക്കലും ഉള്‍പ്പെടെ ബഹിരാകാശത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്ന 1967ലെ ബഹിരാകാശ ഉടമ്പടിയെ റഷ്യ മാനിക്കുന്നുവെന്നും പുടിന്‍ അവകാശപ്പെട്ടു.
ബഹിരാകാശത്തെ പാശ്ചാത്യ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാന്‍ റഷ്യ ആയുധ സംവിധാനം ഉപയോഗിക്കുമോയെന്നതാണ് അമേരിക്കയുടെ ആശങ്ക. ഇത്തരം ആയുധങ്ങള്‍ ആശയവിനിമയങ്ങളെയും സൈനിക ലക്ഷ്യ സംവിധാനങ്ങളെയും തകര്‍ക്കാന്‍ സാധ്യതയുണ്ട്. അമേരിക്ക ഈ ഗുരുതരമായ ഭീഷണിയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കന്‍ ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പന ചെയ്ത ആണവ ബഹിരാകാശ അധിഷ്ഠിത ആയുധം റഷ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന് വ്യക്തമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.