വീട്ടിലെ പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികിത്സ നടത്തിയയാള്‍ കസ്റ്റഡിയില്‍

വീട്ടിലെ പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികിത്സ നടത്തിയയാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ആള്‍ കസ്റ്റഡിയില്‍. ബീമാപള്ളിയില്‍ ക്ലിനിക് നടത്തിയിരുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ നേമം പൊലീസ് എറണാകുളത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. നേമം സ്റ്റേഷനിലെത്തിച്ച ശിഹാബുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

അക്യൂപങ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന്‍ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്റ്റംബറില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് അന്ന് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ പൊലീസും ആരോഗ്യ വകുപ്പും തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിലാണ് ആധുനിക ചികിത്സ നല്‍കാതെ പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് അക്യുപങ്ചര്‍ ചികിത്സ നല്‍കിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഭര്‍ത്താവ് നയാസിനെ നരഹത്യാക്കുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചിരുന്നു.

ഷെമീറ ബീവിയുടെ മുന്‍പത്തെ പ്രസവങ്ങള്‍ സിസേറിയന്‍ ആയിരുന്നു. വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടായെന്ന് ഭര്‍ത്താവ് നയാസ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ എട്ട് മാസമായി കാരയ്ക്കാ മണ്ഡപത്ത് വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് അവരോട് തട്ടിക്കയറിയതായും പൊലീസ് പറയുന്നു.

ഭാര്യയ്ക്ക് ആധുനിക ചികിത്സ നല്‍കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നയാസ് അത് ചെവിക്കൊണ്ടില്ലെന്നും പൊലീസ് പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് പ്രസവം എടുക്കാന്‍ ആരംഭിച്ചത്. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടര്‍ന്നെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.