പാകിസ്ഥാന്‍ സ്‌പോണ്‍സേഡ് ലഹരികടത്ത്: കൈയോടെ പൊക്കി നേവി-എന്‍സിബി സഖ്യം; അഞ്ച് പാകിസ്ഥാനികള്‍ പിടിയില്‍

പാകിസ്ഥാന്‍ സ്‌പോണ്‍സേഡ് ലഹരികടത്ത്: കൈയോടെ പൊക്കി നേവി-എന്‍സിബി സഖ്യം; അഞ്ച് പാകിസ്ഥാനികള്‍ പിടിയില്‍

ഗാന്ധിനഗര്‍: പാകിസ്ഥാനില്‍ നിന്ന് ഗുജറാത്ത് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്ന് പിടികൂടി. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ഇന്ത്യന്‍ നേവിയുടെയും ഗുജറാത്ത് എടിഎസിന്റെയും സഹായത്തോടെ നടത്തിയ ഓപ്പറേഷനിലാണ് വമ്പന്‍ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. ആഗോള വിപണയില്‍ 2000 കോടിയിലേറെ രൂപ വിലമതിപ്പുള്ള ലഹരി മരുന്നുകളാണ് പിടികൂടിയത്.

ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. 3,089 കിലോ കഞ്ചാവ്, 158 കിലോ മെത്താംഫെറ്റാമൈന്‍, 25 കിലോ മോര്‍ഫിന്‍ എന്നിവയാണ് കടത്താന്‍ ശ്രമിച്ചത്. ഇതിന്റെ പാക്കറ്റുകളില്‍ പാകിസ്ഥാനില്‍ ഉല്‍പാദിപ്പിച്ചവ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

പാകിസ്ഥാന്‍ സ്വദേശികളെന്ന് സംശയിക്കുന്ന അഞ്ച് ജീവനക്കാരുടെ ബോട്ടിലാണ് ഇവ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ചത്. സമുദ്ര നിരീക്ഷണം നടത്തുന്ന വിമാനം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ നേവിയുടെ കപ്പലാണ് ഇന്ത്യന്‍ സമുദ്രാര്‍ത്തി കടന്നെത്തിയ ബോട്ടിനെ തടഞ്ഞുവച്ച് പിടികൂടിയത്.

ബോട്ട് പരിശോധിച്ചപ്പോള്‍, വന്‍തോതിലുള്ള മയക്കുമരുന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ബോട്ടും മയക്കുമരുന്നും പിടിച്ചെടുക്കുകയുമായിരുന്നു. സംശയിക്കുന്ന പാകിസ്ഥാന്‍ ക്രൂ അംഗങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനും അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.