വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നൊബേൽ പുരസ്‌കാര ജേതാവ് പ്രൊഫ. ജെയിംസ് ആലിസൺ

വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നൊബേൽ പുരസ്‌കാര ജേതാവ് പ്രൊഫ. ജെയിംസ് ആലിസൺ

ആഗോള വിദഗ്ധർ പങ്കെടുക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ വിൻ സിമ്പോസിയത്തിന് അബുദാബിയിൽ തുടക്കം
അബുദാബി: അർബുദ രംഗത്തെ നൂതന ചികിത്സാ മാർഗമായ പ്രിസിഷൻ ഓങ്കോളജിയുണ്ടാക്കുന്ന മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന സുപ്രധാന ആഗോള സമ്മേളനത്തിന് അബുദാബിയിൽ തുടക്കം. വ്യക്തിഗ അർബുദ ചികിത്സാ രംഗത്തെ ആഗോള കൂട്ടായ്മയായ വേൾഡ് വൈഡ് ഇന്നൊവേറ്റീവ് നെറ്റ്‌വർക്ക് (വിൻ) കൺസോർഷ്യവും ബുർജീൽ ഹോൾഡിംഗ്‌സും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.

യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന വിൻ കൺസോർഷ്യത്തിൻ്റെ ഈ ദ്വിദിന വാർഷിക സമ്മേളനത്തിൽ പ്രിസിഷൻ മെഡിസിനിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ വിലയിരുത്തും. ലോകമെമ്പാടുമുള്ള കാൻസർ രോഗികളുടെ പരിചരണവും ഫലങ്ങളും ഇവർ വിലയിരുത്തും.

അർബുദത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ ചികിത്സ നൽകുന്നതിലൂന്നിയുള്ള സമ്മേളനത്തിൽ ക്യാൻസർ ഇമ്മ്യൂണോതെറാപ്പിയിൽ വിപ്ലവം സൃഷ്ടിച്ച നൊബേൽ സമ്മാന ജേതാവ് പ്രൊഫ. ജെയിംസ് ആലിസൺ മുഖ്യ പ്രഭാഷണം നടത്തി.

യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന സമ്മേളനം പ്രതീക്ഷയേകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയിലെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മതിപ്പുളവാക്കുന്നതാണ്. ഇമ്മ്യൂണോതെറാപ്പി ഉൾപ്പെടെയുള്ള ശരിയായ സംയോജന തന്ത്രങ്ങൾ ഉപയോഗിച്ച് ക്യാൻസർ ഭേദമാക്കാൻ കഴിയും. വിവിധ രാജ്യങ്ങളിൽ പലതരത്തിലുള്ള ക്യാൻസറുകൾ നിലനിൽക്കുന്നുണ്ട്. ലോകമെമ്പാടും എല്ലാം ഒരുപോലെയല്ലെന്ന് തിരിച്ചറിയുന്നത് ഈ രംഗത്ത് അത്യന്താപേക്ഷിതമാണ്. രോഗത്തെ കീഴടക്കണമെങ്കിൽ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

എന്താണ് ചികിത്സിക്കേണ്ടതെന്നും ആർക്കാണ് പ്രത്യേക മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകേണ്ടതെന്നും മനസിലാക്കാൻ ഗവേഷങ്ങളും ഡാറ്റ അടിസ്ഥാനമാക്കിയുള്ള സംയോജിത സമീപനവും സഹായിക്കും. രോഗനിർണ്ണയ സമയത്ത് രോഗിയെ നിരീക്ഷിക്കുക എന്നതാണ് ഏറെ പ്രധാനം. മരുന്നുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ട്യൂമർ തുടർച്ചയായി പരിശോധിക്കുകയും തുടർ നടപടികൾ നിശ്ചയിക്കുകയും വേണം."അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് ഹെൽത്ത് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻ്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അസ്മ അൽ മന്നായി, ജീനോമിക് മെഡിസിൻ, പ്രിസിഷൻ ഓങ്കോളജി എന്നിവയ്ക്കുള്ള സർക്കാർ പദ്ധതികൾ വിശദീകരിച്ചു.

അർബുദത്തെക്കുറിച്ചുള്ള ധാരണകൾ മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള തലമുറയ്‌ക്കും ഭാവിതലമുറയ്‌ക്കും ഒരു പോലെ പരിചരണം മെച്ചപ്പെടുത്താനും പ്രതിജ്ഞാബദ്ധരാണെന്ന് ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻ കൺസോർഷ്യത്തിൽ 18 രാജ്യങ്ങളിൽ നിന്നുള്ള 31 ലോകോത്തര അക്കാദമിക് മെഡിക്കൽ സെൻ്ററുകൾ, ഹെൽത്ത് കെയർ സംരംഭങ്ങൾ, ഗവേഷണ സംഘടനകൾ, പേഷ്യൻ്റ് അഡ്വക്കസി ഗ്രൂപ്പുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. രണ്ടു ദിവസത്തെ സമ്മേളനത്തിൽ ലോകമെമ്പാടുനിന്നുമുള്ള വിദഗ്ധർ അർബുദ രോഗ പരിചരണത്തിൽ വ്യക്തി കേന്ദ്രീകൃതമായ ചികിത്സയുണ്ടാക്കുന്ന മാറ്റങ്ങൾ പങ്കുവയ്ക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 500ൽ അധികം ഡോകട്ർമാരും ഗവേഷകരും ശാസ്ത്രജ്ഞരുമാണ് പങ്കെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.