ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയില്‍; വിമര്‍ശനവുമായി പ്രതിപക്ഷം

ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയില്‍; വിമര്‍ശനവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്ത് വരാതെയിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ മുപ്പത് വരെ സമയം നീട്ടി നല്‍കണമെന്നാണ് എസ്ബിഐ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്.

സങ്കീര്‍ണമായ നടപടികളിലൂടെ മാത്രമേ വിവരങ്ങള്‍ ക്രോഡീകരിക്കാനാകൂ എന്നും ഇതിന് സമയം നീട്ടി നല്‍കണമെന്നുമാണ് എസ്ബിഐയുടെ ആവശ്യം. എന്നാല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സാവകാശം തേടിയുള്ള എസ്ബിഐ അപേക്ഷയില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് വിവരങ്ങള്‍ പുറത്തു വരാതെ ഇരിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതി പുറത്തു വരാതെയിരിക്കാനുള്ള നടപടിയെന്നും സ്വതന്ത്ര സ്ഥാപനങ്ങളെ പോലും 'മോദാനി' കുടുംബമാക്കി അഴിമതി മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.

ഒരു മൗസ് ക്ലിക്കില്‍ ലഭിക്കുന്ന വിവരങ്ങള്‍ക്ക് എസ്ബിഐ സമയം നീട്ടി ചോദിക്കുന്നത് സംശയാസ്പദമാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.