രാജ്യത്തിനു വേണ്ടി മാർച്ച് 22 ന് സിബിസിഐ ലെയ്റ്റി കൗൺസിൽ പ്രാര്‍ത്ഥനയും ഉപവാസവും സംഘടിപ്പിക്കുന്നു

രാജ്യത്തിനു വേണ്ടി മാർച്ച് 22 ന് സിബിസിഐ ലെയ്റ്റി കൗൺസിൽ പ്രാര്‍ത്ഥനയും ഉപവാസവും സംഘടിപ്പിക്കുന്നു

കൊച്ചി: കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം 2024 മാര്‍ച്ച് 22ന് ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിൽ രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥനയും ഉപവാസവും നടത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി. സി സെബാസ്റ്റ്യനും അറിയിച്ചു.
ഭാരത കത്തോലിക്കാ സഭയുടെ 14 റീജിയണുകളും 174 രൂപതകളുമുള്‍പ്പെടെ ധ്യാനകേന്ദ്രങ്ങള്‍, കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍, സന്യസ്ത സഭകള്‍, അല്മായ സംഘടനകള്‍, ഭക്തസംഘടനകള്‍, സഭാസ്ഥാപനങ്ങള്‍ എന്നിവര്‍ രാജ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരും.

ഭാരതം പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങുമ്പോൾ, രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തി ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സമത്വവും ജനാധിപത്യവും ഈ മണ്ണില്‍ നിലനിര്‍ത്താനും, ഭീകരവാദത്തിനും തീവ്രവാദ അജണ്ടകള്‍ക്കുമെതിരെ സമാധാനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവയ്ക്കുവാനും കാത്തുസൂക്ഷിക്കുവാനും വേണ്ടിയാണ്, ഭാരത കത്തോലിക്കാസഭ രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയർ അഡ്വക്കേറ്റ്  വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

പൗരന്മാരുടെ ജീവനും ജീവിതത്തിനും സംരക്ഷണമേകാനുള്ള ഉത്തരവാദിത്വം ഭരണസംവിധാനങ്ങള്‍ നിര്‍വഹിക്കണം. മതവിദ്വേഷങ്ങളും വര്‍ഗ്ഗീയവാദവും ആളിക്കത്തിച്ച് ജനങ്ങളില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്നതിനും അക്രമങ്ങള്‍ അഴിച്ചുവിട്ട് മനുഷ്യജീവനെടുക്കുന്നതിനും അവസാനമുണ്ടാകണം.

പ്രതിസന്ധികള്‍ അതിജീവിക്കാനുള്ള ക്രൈസ്തവന്റെ കരുത്തും ആയുധവും പ്രാര്‍ത്ഥനയും ഉപവാസവുമാണന്നും ഇതര ക്രൈസ്തവ വിഭാഗങ്ങളും പൊതുസമൂഹവും രാജ്യത്തിന്റെ നന്മയ്ക്കും, സമാധാനത്തിനും ഐക്യത്തിനുമായി ഈ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കുചേരണമെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി സി സെബാസ്റ്റ്യൻ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.