കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട ഹിജാബ് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു.
അതേസമയം സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ നോട്ടീസിനെതിരെ സെന്റ് റീത്താസ് സ്‌കൂള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രശ്നം രമ്യമായി പരിഹരിച്ചുകൂടോയെന്ന് ജസ്റ്റിസ് വിജി അരുണ്‍ ചോദിച്ചു. പരാതി പിന്‍വലിക്കുകയാണെന്നും സ്‌കൂള്‍ മാറാന്‍ കുട്ടി ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ക്രൈസ്തവര്‍ സമൂഹം അസഹിഷ്ണുക്കളാണെന്ന് പറഞ്ഞിട്ടില്ല. അവര്‍ രാജ്യത്ത് നിരവധി വിദ്യാലയങ്ങള്‍ നടത്തുന്നുണ്ട്. നിലവിലെ
സാഹചര്യം മനസിലാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടി ആ സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കുട്ടി മറ്റൊരു സ്‌കൂളിലേക്ക് മാറാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കേസ് ഇനി മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഇത് സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പാണ്. സിസ്റ്റര്‍മാരുടെ വികാരങ്ങള്‍ തനിക്ക് മനസിലാകുമെന്നും അവര്‍ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി തോന്നുന്നില്ലെന്നും നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം വിദ്യാര്‍ഥിനി സ്‌കൂള്‍ വിട്ടുപോകുന്നതായി രേഖപ്പെടുത്താമെന്നുമായിരുന്നു ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വി.ജി അരുണ്‍ വ്യക്തമാക്കിയത്. ഒരുവേള വിഷയം കൂടുതല്‍ വഷളാകാതെ സമാധാനപരമായി പരിഹരിക്കാന്‍ കഴിയില്ലെന്നും കുട്ടിയുടെ അഭിഭാഷകനോട് അദേഹം ചോദിച്ചിരുന്നു.
സഭയാണ് പ്രശ്‌നമെന്നും ലാറ്റിന്‍ കത്തോലിക്കാ സമൂഹം അസഹിഷ്ണുതയുള്ളവരാണെന്നും തങ്ങള്‍ പറയില്ലെന്നുമായിരുന്നു കുട്ടിയുടെ അഭിഭാഷകന്റെ മറുപടി. മാത്രമല്ല അവര്‍ രാജ്യത്ത് ധാരാളം സ്‌കൂളുകള്‍ നടത്തുന്നുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
വാദ പ്രതിവാദങ്ങള്‍ക്കിടെ ഒരു കോണ്‍വെന്റ് സ്‌കൂളിന്റെ ഗുണഭോക്താവെന്ന നിലയില്‍ തന്റെ വ്യക്തിപരമായ അനുഭവവും ജസ്റ്റിസ് വി.ജി അരുണ്‍ പറയുകയുണ്ടായി.
'നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്. ഞാന്‍ ഒരു കോണ്‍വെന്റിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. എന്റെ എല്ലാ സ്‌കൂള്‍ ദിവസവും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്ന പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. അതിനാല്‍ അവര്‍ ചെയ്യുന്ന സേവനം എനിക്കറിയാം'. എന്നായിരുന്നു ജസ്റ്റിസിന്റെ വാക്കുകള്‍.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതിയ്ക്ക് ബോധ്യം വന്നുവെന്നും ആത്യന്തികമായി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ സാഹോദര്യം ശക്തമായി നിലനില്‍ക്കുന്നുവെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടെന്നും അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.