ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകള്‍ ഇന്ന് ഡല്‍ഹി ചലോ മാര്‍ച്ച് പുനരാരംഭിക്കും. പ്രതിഷേധം കണക്കിലെടുത്ത്, തിക്രി, സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളിലും റെയില്‍വെ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
മാര്‍ച്ച് ആറിന് രാജ്യത്ത് ഉടനീളമുള്ള കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തണമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ചയും ആഹ്വാനം ചെയ്തിരുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനാണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കൂടാതെ മാര്‍ച്ച് പത്തിന് രാജ്യ വ്യാപകമായി നാല് മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 13 ന് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചെങ്കിലും ഹരിയാനയുടെയും പഞ്ചാബിന്റെയും അതിര്‍ത്തിയില്‍ സുരക്ഷാ സേന തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ താല്‍ക്കാലികമായി സമരം നിര്‍ത്തിവെക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളിലാണ് കര്‍ഷകര്‍ താമസിക്കുന്നത്. സമരക്കാരായ കര്‍ഷകരും കേന്ദ്രവും മുന്‍കാല ആവശ്യങ്ങള്‍ ഉന്നയിച്ച് ഇതുവരെ നാല് തവണയെങ്കിലും ചര്‍ച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.