കൊച്ചി: കേരളത്തിലെ മലയോര ജനത അവിശ്വസനീയവും അസാധാരണവുമായ ഭയത്തിൽ മുങ്ങുകയാണ്. കേരളത്തിന്റെ വനാതിര്‍ത്തികളും മലയോരങ്ങളും അരക്ഷിതാവസ്ഥയിൽ ആയിരിക്കുന്നു. മലയോര മേഖലയിൽ ദിനംപ്രതി വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യ ജീവൻ നഷ്ടപെടുന്നത് ഖേദകരമാണ്. എന്ത് കൊണ്ടാണ് അക്രമം കൂടുന്നത് എന്നതിൽ ശാസ്ത്രീയമായി ഒരു നിഗമനം ഉണ്ടായിട്ടില്ല. മനുഷ്യനെ വന്യമൃഗങ്ങളുടെ ദയാവധത്തിന് സര്‍ക്കാര്‍ വിട്ടു കൊടുത്തിരിക്കുകയാണോ?
വന്യജീവി ആക്രമണത്തില്‍ കേരള സര്‍ക്കാരിന് ഒരു നിലപാടുണ്ടോ? വന്യജീവികള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് സ്ഥിരസംഭവമായി മാറിയിട്ടും ഇതിനെ തടയാന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ബദലുകള്‍ പ്രയോഗികമാവുന്നില്ലയെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടായ മരണങ്ങള്‍ക്ക് കാരണം വനംവകുപ്പ് ആവശ്യമായ മുന്‍കരുതല്‍ എടുക്കാത്തതിനാലാണ്. വന്യജീവികള്‍ നാട്ടിലേക്ക് വരുന്നത് തടയാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാർ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത.
വന്യജീവി ആക്രമണത്തെ തുടര്‍ന്ന് മരണവും കൃഷിനാശവും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് രാജ്യത്തൊട്ടാകെയുള്ള മനുഷ്യ – വന്യജീവി സംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും സംബന്ധിച്ച് സമയം പാഴക്കാതെ തന്നെ പുനര്‍ വിചിന്തനം നടത്തേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്കാണ് വിരല്‍ ചുണ്ടുന്നത്. കേരളത്തിലെ ഇരുനൂറോളം പഞ്ചായത്തുകളിലായി മുപ്പത് ലക്ഷത്തിലധികം ജനങ്ങളാണ് ഇന്ന് വന്യമൃഗ ആക്രമണ ഭീതിയിൽ കഴിയുന്നത്.
വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ സർക്കാർ വകയിരുത്തുണ്ട്. എന്നിട്ടും ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടയാൻ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. വൻതോതിലുള്ള ആളപായമടക്കം ഇത്രയധികം നാശനഷ്ടങ്ങൾ മലയോരങ്ങളിൽ സംഭവിച്ചിട്ടും കാര്യമായ ആക്ഷൻ പ്ലാനിലേക്ക് സർക്കാർ സംവിധാനങ്ങൾ ഇനിയും കടന്നിട്ടില്ല.
ഈ മനുഷ്യരുടെ ജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള നിയമപരിഷ്‌കാരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വനമേഖലയോട് ചേർന്ന് വസിക്കുന്നവരുടെ ജീവൻ, അവരുടെ സ്വത്ത്, ജീവനോപാധി എന്നിവയുടെ നിലനിൽപ് കൂടി പരിഗണിച്ചുകൊണ്ട് 1927 ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, 2006 ലെ വനാവകാശ നിയമം എന്നിവയെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പരിഷ്‌കരണങ്ങൾക്ക് വിധേയമാക്കണമെന്ന് സീറോ മലബാർസഭ അൽമായ ഫോറം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.