'നിരാഹാരം കിടന്നിട്ടുണ്ടെങ്കില്‍ അത് ബോഡി ഫാറ്റ് കുറയ്ക്കാനായിരിക്കും'; പത്മജയ്‌ക്കെതിരെ വീണ്ടും രാഹുല്‍ മാങ്കൂട്ടത്തില്‍

'നിരാഹാരം കിടന്നിട്ടുണ്ടെങ്കില്‍ അത് ബോഡി ഫാറ്റ് കുറയ്ക്കാനായിരിക്കും'; പത്മജയ്‌ക്കെതിരെ വീണ്ടും രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ടിവിയിലിരുന്ന് ആളായ നേതാവാണെന്ന പത്മജ വേണുഗോപാലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ടിവിയില്‍ തന്റെ പാര്‍ട്ടിയുടെ നിലപാട് പറയാന്‍ തനിക്ക് അഭിമാനം മാത്രമാണുള്ളതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

തന്റെ ജീവിതത്തില്‍ താന്‍ എപ്പോഴൊക്കെ അഭിപ്രായം പറയുമോ, മരണം വരെ അഭിപ്രായത്തോടൊപ്പം കോണ്‍ഗ്രസിന്റെ പേര് തന്നെയായിരിക്കും എഴുതുക. രാജ്യസഭാ സീറ്റിന് വേണ്ടിയും ഇഡി കേസ് പേടിച്ചും താന്‍ പാര്‍ട്ടി മാറാന്‍ പോകുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

പത്മജ വേണുഗോപാല്‍ തന്നെ ടിവിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് പറയുന്ന സമയത്ത്. അതിന് കാരണമായ പത്രസമ്മേളനം നടക്കുന്നത് ഒരു നിരാഹാര പന്തലിലാണ്. പത്മജ വേണുഗോപാല്‍ എപ്പോഴെങ്കിലും ആഹാരം വേണ്ടാന്ന് വച്ചിട്ടുണ്ടെങ്കില്‍ അത് ബോഡി ഫാറ്റ് കുറയ്ക്കാന്‍ വേണ്ടി മാത്രമായിരിക്കും. മറ്റൊരാള്‍ക്ക് വേണ്ടി നിരാഹാരം ഇരുന്നതായിട്ടോ, ഭക്ഷണം ഒഴിവാക്കിയതായിട്ടോ ഞാന്‍ കേട്ടിട്ടില്ല താന്‍ കേട്ടിട്ടില്ലെന്നും അദേഹം പറഞ്ഞു.

താനും തന്റെ സഹപ്രവര്‍ത്തകരും എത്രയോ തവണ പൊലീസ് ലാത്തിച്ചാര്‍ജ് ഏറ്റുവാങ്ങിയിട്ടുണ്ട്. വാത്സല്യത്തോടെ വളര്‍ത്തിയ ലീഡര്‍ ഒരു ഈര്‍ക്കില്‍ കമ്പ് കൊണ്ട് പോലും പത്മജയെ അടിച്ചതായി നമ്മള്‍ കേട്ടിട്ടില്ല. തിരുവനന്തപുരത്ത് നിരാഹാരമിരിക്കാന്‍ വന്നതിന് ശേഷം എട്ടോ ഒമ്പതോ കേസായി. സമരം ചെയ്തതിന് നൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്മജ വേണുഗോപാലിന്റെ പേരില്‍ ഓവര്‍ സ്പീഡിന്റെ പേരില്‍ വല്ല പെറ്റിയടിച്ച കേസല്ലാതെ ഈ നാട്ടില്‍ സമരം ചെയ്തതിന് വല്ല കേസുമുണ്ടോയെന്ന് തനിക്കറിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം ബിജെപിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് പത്മജ രാഹുലിനെതിരെ പരാമര്‍ശം നടത്തിയത്. രാഹുല്‍ ടിവിയിലിരുന്ന് നേതാവായ ആളാണെന്നും അദേഹം അതു തന്നോട് പറയേണ്ടെന്നുമാണ് പത്മജ പറഞ്ഞത്. കെ. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി തടയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു പത്മജയുടെ പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.