പൂഞ്ഞാര്‍ ക്രൈസ്തവ ദേവാലയത്തില്‍ നടന്ന അക്രമം; മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ കലിതുളളി സമസ്ത

 പൂഞ്ഞാര്‍ ക്രൈസ്തവ ദേവാലയത്തില്‍ നടന്ന അക്രമം; മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ കലിതുളളി സമസ്ത

കോട്ടയം: പൂഞ്ഞാര്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘ പരിവാറിന് ചൂട്ടുപിടിക്കുകയാണെന്ന് സമസ്ത പത്രമായ സുപ്രഭാതം. പൂഞ്ഞാറിലെ ക്രൈസ്തവ ദേവാലയ മുറ്റത്ത് അക്രമം കാട്ടുകയും വൈദികനെ വാഹനം ഇടിപ്പിക്കുകയും ചെയ്ത സംഭവത്തെ തിരുവനന്തപുരത്ത് നടന്ന മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സമസ്ത രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം സ്വന്തം കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച അംഗീകരിച്ച് വേണ്ട തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിന് പകരം തെറ്റ് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നതിലെ അസ്വഭാവികതയാണ് പലരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. അക്രമികളുടെ ഭാഗത്ത് നിന്നുണ്ടായത് തെമ്മാടിത്തമാണെന്നും മുസ്ലീം വിഭാഗമാണ് ഇതില്‍ ഉള്‍പ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പരിപാടിയില്‍ വിഷയം ഉന്നയിച്ച കെ.എന്‍.എം വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂരിനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇതിനെതിരെയാണ് സമസ്ത പത്രം വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

പൂഞ്ഞാര്‍ സംഭവത്തെ മുസ്ലീം വിഭാഗം കാട്ടിയ തെമ്മാടിത്തമെന്ന് ആക്ഷേപം ചൊരിഞ്ഞ മുഖ്യമന്ത്രി കേരളത്തെ അമ്പരിപ്പിച്ചിരിക്കയാണെന്നാണ് പത്രം കുറ്റപ്പെടുത്തുന്നത്. വിഷയത്തെ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറിയെന്നും പത്രം പറയുന്നു.

നാട്ടില്‍ വാഹനാപകടമുണ്ടായാലും അതിര്‍ത്തി തര്‍ക്കമുണ്ടായാലും വ്യക്തികള്‍ തമ്മില്‍ പ്രശ്നമുണ്ടായാലും അതിലൊക്കെ മതം നോക്കി ഇടപെടുന്ന വര്‍ഗീയ വാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി തരംതാഴാന്‍ പാടില്ലായിരുന്നു. ഇസ്ലാമോഫോബിയ എന്നത് ഫാസിസ്റ്റുകളുടെ രീതിയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന യാദൃഛികമാണെന്ന് കരുതാനാകില്ല. സംഭവ സ്ഥലത്തെ ദൃക്സാക്ഷികള്‍, നാട്ടിലെ വിവിധ സമുദായ, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഒരേ സ്വരത്തില്‍ വ്യാജമെന്നാണ് സംഭവത്തെപ്പറ്റി പറയുന്നതെന്നാണ് സമസ്തയുടെ ന്യായീകരണ കമ്മറ്റിയുടെ കണ്ടെത്തല്‍.

സംഭവം മുസ്ലീം വിഭാഗത്തെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള വടിയായി മുഖ്യമന്ത്രി ഉപയോഗിച്ചത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരകരുടെ പോസ്റ്റുകള്‍ വിശ്വാസത്തിലെടുത്തത് പോലുള്ള പരാമര്‍ശമാണ് പിണറായി വിജയന്‍ നടത്തിയത് എന്നും പത്രം കുറ്റപ്പെടുത്തുന്നു.

വിഷയം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിന് പകരം ആരെയൊക്കെയോ പ്രീതിപ്പെടുത്താനുള്ള പരിശ്രമമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍. മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കുന്നത് മാന്യതയായിരുന്നെങ്കിലും അതുണ്ടായില്ല. മുസ്ലീം-ക്രിസ്ത്യന്‍ സംഘര്‍ഷത്തിലൂടെ തങ്ങളുടെ വിശാല ലക്ഷ്യത്തിലേക്കുള്ള വഴിവെട്ടുകയാണ് സംഘപരിവാര്‍ എന്ന കാര്യം അറിയാവുന്ന മുഖ്യമന്ത്രി തന്നെ അതിന് ചൂട്ടുപിടിക്കുന്ന സമീപനം സ്വീകരിക്കരുതെന്നുമാണ് പത്രത്തിന്റെ നിലപാട്. തെറ്റ് ചെയ്യുന്നത് ചൂണ്ടിക്കാണിക്കുന്നതിനെ വിമര്‍ശിക്കുന്നത് അത്യന്തം ഗൗരവമുള്ള കാര്യമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറാന ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാദര്‍ തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് അക്രമകാരികളായ ഒരുപറ്റം സാമൂഹ്യ വിരുദ്ധര്‍ വാഹനമിടിച്ച് വീഴ്ത്തി അപായപ്പെടുത്താന്‍ ശ്രമിച്ചതിനെയാണ് മുഖ്യമന്ത്രി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ ഇരുപത്തെട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നോമ്പുകാല ആരാധന തടസപ്പെടുത്തുകയും വൈദികനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം സഭ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.