2000 കോടിയുടെ മയക്കു മരുന്ന് കടത്ത്: തമിഴ് സിനിമ നിര്‍മാതാവ് ജാഫര്‍ സാദിഖ് അറസ്റ്റില്‍

 2000 കോടിയുടെ മയക്കു മരുന്ന് കടത്ത്: തമിഴ് സിനിമ നിര്‍മാതാവ് ജാഫര്‍ സാദിഖ് അറസ്റ്റില്‍

ചെന്നൈ: വിദേശത്തേക്ക് 2000 കോടി രൂപയുടെ മയക്കു മരുന്ന് കടത്തിയെന്ന കേസില്‍ തമിഴ് സിനിമ നിര്‍മാതാവ് ജാഫര്‍ സാദിഖിനെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 15 മുതല്‍ ഇയാള്‍ ഒളിവിലാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)അറിയിച്ചിരുന്നു.

ഡിഎംകെയുമായി അടുത്ത ബന്ധമുള്ള ജാഫര്‍ സാദിഖ് തെന്നിന്ത്യയില്‍ ഇതുവരെ നാല് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ ശൃംഖലയുടെ തലവന്‍ ജാഫര്‍ ആണെന്നാണ് എന്‍.സി.ബി വെളിപ്പെടുത്തിയത്.

ലഹരി വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കളുമായി മൂന്ന് തമിഴ്‌നാട് സ്വദേശികളെ കഴിഞ്ഞ മാസം എന്‍.സി.ബി ഡല്‍ഹിയില്‍ പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് ജാഫര്‍ സാദിഖിന് ലഹരിക്കടത്തില്‍ പങ്കുണ്ടെന്ന സൂചന ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് അറസ്റ്റ്.

45 പാഴ്‌സലുകളിലായി 3,500 കിലോ സ്യൂഡോ ഫെഡ്രിന്‍ ജാഫര്‍ ഓസ്‌ട്രേലിയയിലേക്ക് അയച്ചെന്ന് എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് വ്യക്തമാക്കി. തേങ്ങയിലും ഉണക്കിയ പഴങ്ങളിലും ഒളിപ്പിച്ചാണ് ഇയാള്‍ സ്യൂഡോ ഫെഡ്രിന്‍ കടത്തിയത്.

മെത്താഫെറ്റമിന്‍, ക്രിസ്റ്റല്‍ മെത്ത് ഉള്‍പ്പെടെയുള്ള മാരക ലഹരി മരുന്നുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസ വസ്തുവാണിത്. ലഹരിക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ച ജാഫര്‍ സിനിമാ നിര്‍മാണത്തിന് പുറമെ റിയല്‍ എസ്റ്റേറ്റിലും ഈ തുക നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജാഫര്‍ പിടിയിലായതോടെ ഡിഎംകെയ്ക്ക് എതിരെ ബിജെപി രംഗത്തുവന്നു.

തമിഴ്‌നാട് രാജ്യത്തെ ലഹരിമരുന്ന് കടത്തിന്റെ കേന്ദ്രമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ വിമര്‍ശിച്ചു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും അന്വേഷണം നേരിടുകയും ചെയ്തതോടെ കഴിഞ്ഞ മാസം ജാഫറിനെ ഡി.എം.കെ പുറത്താക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.