ജപമാല പ്രാര്‍ത്ഥന ഫലം കണ്ടു; അമേരിക്കയില്‍ നടക്കാനിരുന്ന പൈശാചിക സമ്മേളനം 'സാത്താന്‍കോണ്‍ 2024' റദ്ദാക്കി

ജപമാല പ്രാര്‍ത്ഥന ഫലം കണ്ടു; അമേരിക്കയില്‍ നടക്കാനിരുന്ന പൈശാചിക സമ്മേളനം 'സാത്താന്‍കോണ്‍ 2024' റദ്ദാക്കി

ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണില്‍ കഴിഞ്ഞ വര്‍ഷം നടന്ന 'സാത്താന്‍കോണ്‍' എന്ന പൈശാചിക കോണ്‍ഫറന്‍സിനെതിരേ പ്രാര്‍ത്ഥനാ റാലിയുമായി ക്രൈസ്തവ വിശ്വാസികള്‍ പ്രതിഷേധിച്ചത് ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജപമാല ചൊല്ലി, മരിയന്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചുള്ള പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടതിന്റെ ആഹ്‌ളാദത്തിലാണ് അമേരിക്കയിലെ വിശ്വാസി സമൂഹം.

കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഈ വര്‍ഷത്തെ 'സാത്താന്‍കോണ്‍ 2024' റദ്ദാക്കിയതായി അറിയിച്ചിരിക്കുകയാണ് സംഘാടകരായ സാത്താനിക് ടെമ്പിള്‍ എന്ന സംഘടന. സംഘടനയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം 800-ലധികം പേര്‍ പങ്കെടുത്ത, മാരിയറ്റ് കോപ്ലി പ്ലേസ് ഹോട്ടലില്‍ നടന്ന ത്രിദിന സാത്താനിക് കോണ്‍ഫറന്‍സിന് മാധ്യമങ്ങളുടെ പിന്തുണ ലഭിച്ചപ്പോള്‍ യുവാക്കള്‍ അടക്കമുള്ള ജനവിഭാഗങ്ങളുടെ പിന്തുണ വിശ്വാസികള്‍ക്കൊപ്പമായിരുന്നു. സമൂഹത്തില്‍ അരാജകത്വവും പൈശാചികമായ പ്രവൃത്തികളും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിപാടിക്കെതിരേ വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്.



പ്രതിഷേധിച്ചാലും ഫലമുണ്ടാകില്ലെന്ന പതിവു സമീപനം പലരും കൈക്കൊണ്ടപ്പോള്‍ നിഷ്‌ക്രിയരായിരിക്കരുതെന്ന ഉറച്ച നിലപാടിലാണ് കത്തോലിക്ക വിശ്വാസികള്‍ പ്രാര്‍ത്ഥനാ റാലിയുമായി രംഗത്തിറങ്ങിയത്. ഇത്തരം പരിപാടികള്‍ ആഘോഷിക്കപ്പെടുന്നത് തടഞ്ഞില്ലെങ്കില്‍ തിന്മയുടെ ശക്തികള്‍ സമൂഹത്തില്‍ വേരുറപ്പിക്കുമെന്ന ബോധ്യമാണ് കത്തോലിക്കരെ നയിച്ചത്. ജപമാല ചൊല്ലി, സംഗീതോപകരണങ്ങള്‍ വായിച്ച്, മരിയന്‍ കീര്‍ത്തനങ്ങളും മതപരമായ ദേശഭക്തി ഗാനങ്ങളും ആലപിച്ചുകൊണ്ടാണ് സമ്മേളനത്തിനെതിരേ കഴിഞ്ഞ വര്‍ഷം പ്രതിരോധം തീര്‍ത്തത്. യുവതലമുറയും പ്രാര്‍ത്ഥനാ റാലിയില്‍ പങ്കെടുത്തത് പ്രതീക്ഷ നല്‍കി.

വര്‍ഷം മുഴുവനും പ്രതിഷേധം തുടരുന്നതിനായി പ്രാദേശിക കത്തോലിക്കര്‍ ഒത്തുചേര്‍ന്ന് ഹോട്ടലിനു സമീപം പ്രതിമാസ റാലിയും നടത്തി.

ക്രിസ്തുമതത്തെ പരിഹസിക്കുന്നതിനു പേരുകേട്ട സംഘടനയാണ് സാത്താനിക് ടെമ്പിള്‍. പൊതു സ്ഥലങ്ങളില്‍ കുരിശ് അടക്കമുള്ള വിശ്വാസപരമായ പ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും കറുത്ത കുര്‍ബാന പോലെയുള്ള ആചാരങ്ങള്‍ വഴി ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സംഘടനയാണ് സാത്താനിക് ടെംപിള്‍.


'സാത്താന്‍കോണ്‍' കോണ്‍ഫറന്‍സിനെതിരേ കഴിഞ്ഞ വര്‍ഷം നടന്ന പ്രാര്‍ത്ഥനാ റാലി

കഴിഞ്ഞ വര്‍ഷം നടന്ന സമ്മേളനത്തില്‍ സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, പൈശാചിക ആചാരങ്ങള്‍, വിനോദ പരിപാടികള്‍, വിവാഹം, പൈശാചിക വിപണി എന്നിവ ഉള്‍പ്പെട്ടിരുന്നു. വേദിയില്‍ ഒരാള്‍ ബൈബിളിന്റെ പേജുകള്‍ വലിച്ചുകീറുന്നതിന്റെ വീഡിയോ അന്നു പുറത്തുവന്നിരുന്നു.

ഈ വര്‍ഷത്തെ 'സാത്താന്‍കോണ്‍' 2025 ലേക്ക് മാറ്റിവച്ചതായാണ് സംഘാടകര്‍ അറിയിച്ചതെങ്കിലും പരിപാടിയുടെ സുഗമമായ നടത്തിപ്പ് സാധ്യമല്ലെന്ന തിരിച്ചറിവിലാണ് കോണ്‍ഫറന്‍സ് റദ്ദാക്കിയത്. വിശ്വാസികളില്‍ നിന്നും ജനങ്ങളില്‍ നിന്നുമുള്ള പ്രതിഷേധങ്ങള്‍ ഈ സമ്മേളനം നടത്തുന്നത് സങ്കീര്‍ണമാക്കിയിരിക്കുന്നു. സുരക്ഷാ പ്രശ്‌നം മാത്രമല്ല തങ്ങളുടെ സല്‍പേരിനെയും ബിസിനസിനെയും ബാധിക്കുമെന്ന് ഭയന്ന് സമ്മേളനത്തിന് വേദി നല്‍കാന്‍ ഹോട്ടലുകാരും വിമുഖത പ്രകടിപ്പിക്കുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ വിഷം കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെ സംഘടന നടപ്പാക്കിയ ആഫ്റ്റര്‍ സ്‌കൂള്‍ പരിപാടികള്‍ക്കും ആഫ്റ്റര്‍ സ്‌കൂള്‍ സാത്താന്‍ ക്ലബ്ബിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പ്രാദേശിക തലത്തിലും ദേശീയ തലത്തിലും ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ ഫലം കണ്ടതിനെതുടര്‍ന്നാണ് പൈശാചിക സമ്മേളനം റദ്ദാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.