ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കോടതി ആവശ്യപ്പെട്ടാല്‍ രേഖകള്‍ നല്‍കേണ്ട ബാദ്ധ്യത ബാങ്കിനുണ്ട്. ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കി വിധി വന്നതിന് ശേഷമുള്ള 26 ദിവസം ബാങ്ക് എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.
തിരഞ്ഞെടുപ്പ് കടപ്പത്രം മുഖേന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
ഹര്‍ജി തള്ളിയ കോടതി, വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നാളെ കൈമാറണമെന്നും മാര്‍ച്ച് 15 നകം കമ്മീഷന്‍ ഇത് പരസ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ഫെബ്രുവരി 15ന് വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അതേ ബെഞ്ചാണ് ഇന്നും ഹര്‍ജി പരിഗണിച്ചത്.
തിരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്ബിഐയുടെ മുംബൈ ബ്രാഞ്ചില്‍ ഉണ്ടെന്നും അത് പരസ്യപ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സാങ്കേതികത്വമല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. ബാങ്കിന്റെ ഭാഗത്തു നിന്ന് ആത്മാര്‍ത്ഥത പ്രതീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. വാദത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മുദ്രവച്ച കവര്‍ കോടതി തുറന്നു പരിശോധിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും കോടതി അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രാജ്യം കാത്തിരിക്കുന്ന വേളയില്‍ സുപ്രീം കോടതി നിലപാട് നിര്‍ണായകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.