വത്തിക്കാൻ സിറ്റി : യേശു ക്രിസ്തുവിന്റെ തിരുപ്പിറവി നടന്ന ബത്‌ലഹേമിലെ പുണ്യസ്ഥലമായ ഗ്രോട്ടോ ഓഫ് ദി നേറ്റിവിറ്റിക്ക് പുതിയ വെളിച്ചം. ആറ് നൂറ്റാണ്ടുകളായി വേണ്ടത്ര പരിപാലിക്കപ്പെടാതിരുന്ന ഈ പുണ്യ ഗുഹയുടെ സമഗ്രമായ പുനരുദ്ധാരണ പദ്ധതിക്ക് പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് സഹായം പ്രഖ്യാപിച്ചു. ഈ വർഷത്തെ ക്രിസ്മസിന് ബെത്ലഹേം വീണ്ടും പ്രകാശിക്കുമെന്ന പ്രത്യാശയാണ് ഈ പ്രഖ്യാപനം ലോകത്തിന് നൽകുന്നത്.
ലിയോ പതിനാലമൻ മാർപാപ്പ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്റരെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോനി എന്നിവരുമായി നടത്തിയ നിർണായക കൂടിക്കാഴ്ചകൾക്ക് ശേഷമാണ് മഹ്‌മൂദ് അബ്ബാസ് ഈ സുപ്രധാന പദ്ധതി പ്രഖ്യാപിച്ചത്. 2020 ൽ പൂർത്തിയാക്കിയ തിരുപ്പിറവി ബസിലിക്കയുടെ പുനരുദ്ധാരണത്തിന്റെ രണ്ടാം ഘട്ടമാണിത്.
നിലവിലെ ഗാസ-വെസ്റ്റ് ബാങ്ക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രോട്ടോയുടെ നവീകരണം വിശുദ്ധ നാടിന് വലിയ ആശ്വാസമാണ്. റോമിൽ നടന്ന 'ബെത്ലഹേം റീബോൺ' എന്ന പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ അബ്ബാസ് ഈ പദ്ധതിയെ 'വിശുദ്ധ നാടിന്റെ പ്രത്യാശയുടെയും പുനർജന്മത്തിന്റെയും അടയാളം' എന്ന് വിശേഷിപ്പിച്ചു.
തുടർച്ചയായ രണ്ട് വർഷം സംഘർഷം കാരണം ബെത്ലഹേമിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നിശബ്ദമായിരുന്നു. വിളക്കുകളില്ല, ഗായകസംഘങ്ങളില്ല, തീർത്ഥാടകരില്ല. സമാധാനത്തിന് പേരുകേട്ട നഗരത്തെ യുദ്ധത്തിന്റെ അന്ധകാരം വിഴുങ്ങിയപ്പോൾ, ലോകരക്ഷകന്റെ പാദസ്പർശം ഏറ്റ തെരുവുകൾ നിർജ്ജീവമായി.
എന്നാൽ നവീകരണ പ്രഖ്യാപനത്തോടെ ബെത്ലഹേമിന്റെ വെളിച്ചം അക്ഷരാർത്ഥത്തിലും ആത്മീയമായും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. പുനരുദ്ധാരണ പ്രഖ്യാപനത്തോടൊപ്പ ഡിസംബർ 24 ന് നടക്കുന്ന ക്രിസ്തുമസ് പാതിരാ കുർബാനയിൽ പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പങ്കെടുക്കുമെന്ന തീരുമാനവും ശക്തമായ പ്രതീകാത്മകത നൽകുന്നു. തകർന്ന ഐക്യത്തിന്റെ പുനർജന്മം കൂടെയായി ഈ ക്രിസ്തുമസ് മാറുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.