'അവിടെ ആളുകള്‍ മരിക്കുകയാണ്, മോഡി ജി ഒരിക്കലെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കണം': സമ്മാന ദാനത്തിനിടെ പൊട്ടിക്കരഞ്ഞ് എംഎംഎ താരം

'അവിടെ ആളുകള്‍ മരിക്കുകയാണ്, മോഡി ജി ഒരിക്കലെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കണം': സമ്മാന ദാനത്തിനിടെ പൊട്ടിക്കരഞ്ഞ് എംഎംഎ താരം

മുംബൈ: ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫൈറ്റര്‍ ചുങ്രെന്‍ കുരെന്‍. മാട്രിക്‌സ് ഫൈറ്റ് നൈറ്റ് പോരാട്ടത്തില്‍ വിജയിച്ച ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര ഒരു തവണയെങ്കിലും മണിപ്പൂരിലെത്തണമെന്ന് ചുങ്രെന്‍ കുരെന്‍ അഭ്യര്‍ഥിച്ചത്. സംഘര്‍ഷ ബാധിതമായ മണിപ്പുരിലെ ജനങ്ങളോടു പ്രധാനമന്ത്രി സംസാരിക്കണമെന്നും താരം ആവശ്യപ്പെട്ടു.
അദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

''ഇതാണ് എന്റെ അഭ്യര്‍ഥന. മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ഒരു വര്‍ഷത്തിലധികമായി. ആളുകള്‍ മരിക്കുകയാണ്. നിരവധി പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു. അവിടെ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ട്. കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നില്ല. ഭാവി എന്തായിരിക്കുമെന്നത് അവ്യക്തമാണ്. മോഡി ജി ദയവ് ചെയ്ത് ഒരിക്കലെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കണം. സംസ്ഥാനത്ത് സമാധാനം കൊണ്ടു വരണം.''-ചുങ്രെന്‍ കുരെന്‍ അഭ്യര്‍ഥിച്ചു.
താരം സംസാരിക്കുന്നതിനിടെ കരയുന്ന ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളില്‍ ഇരുനൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം സംഭവത്തില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2023 മെയ് മൂന്നിന് ആരംഭിച്ച് ഇപ്പോഴും ശാന്തമാകാത്ത മണിപ്പൂരിലെ കലാപത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകളുടെ പലായനത്തില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു.

മെയ്‌തേയ് വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യണമെന്ന മണിപ്പൂര്‍ ഹൈക്കോടതിയുടെ ഒരു വിധിയാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് തുടക്കം. വിധിക്കെതിരെ നടന്ന ട്രൈബല്‍ മാര്‍ച്ച് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. മണിപ്പൂര്‍ താഴ്‌വരകളില്‍ താമസിക്കുന്നവരാണ് മെയ്‌തേയ് വിഭാഗം. അവര്‍ ജനസംഖയില്‍ 53 ശതമാനം വരും. സര്‍ക്കാര്‍ സര്‍വീസുകളിലും രാഷ്ട്രീയത്തിലുമെല്ലാം ഇവര്‍ക്കാണ് സ്വാധീനം. അതിന് പിന്നാലെയാണ് ഹൈക്കോടതി വിധിയും വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.