കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനെതിരെ (കെഎസ്‌ഐഡിസി) എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഒന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി, അപ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും വ്യക്തമാക്കി. അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്‌ഐഡിസി ആവര്‍ത്തിച്ചു. എക്സാലോജിക്കുമായി കരാറില്‍ ഏര്‍പ്പെട്ട സിഎംആര്‍എല്‍ തീരുമാനത്തില്‍ പങ്കില്ലെന്നും കെഎസ്ഐഡിസി കോടതിയെ അറിയിച്ചു.
എക്‌സാലോജിക് കമ്പനിക്കെതിരെ ഉയര്‍ന്ന മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്‌ഐഡിസി ചെയ്യേണ്ടിയിരുന്നതെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കെഎസ്‌ഐഡിസി നോമിനിക്ക് സിഎംആര്‍എല്‍ കമ്പനിയില്‍ നടന്നത് അറിയില്ലെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
സിഎംആര്‍എല്ലിലെ കെഎസ്‌ഐഡിസി ഓഹരി പങ്കാളിത്തത്തിലൂടെ കേരള സര്‍ക്കാര്‍ സിഎംആര്‍എല്ലിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം സഹായിക്കുന്നുവെന്ന ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ ഡിസംബര്‍ 21 ന് കമ്പനീസ് രജിസ്ട്രാര്‍ വിശദീകരണം തേടി നോട്ടീസ് നല്‍കിയിരുന്നു.
സിഎംആര്‍എല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ദൈനംദിന കാര്യങ്ങളില്‍ ഇടപെടലില്ലെന്ന് വ്യക്തമാക്കി ജനുവരി മൂന്നിന് കെഎസ്‌ഐഡിസി മറുപടി നല്‍കി. 134 കോടിയുടെ ഇടപാടില്‍ ബന്ധമില്ലെന്നും വ്യക്തമാക്കി.
എന്നാല്‍, നോട്ടീസ് നല്‍കിയില്ലെന്ന റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് കമ്പനി രജിസ്ട്രാര്‍ നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് കൊച്ചിയിലെ സിഎംആ എല്‍ കമ്പനിക്കും എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്കും ഒപ്പം കെഎസ്‌ഐഡിസിക്കെതിരെയും കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു.
തങ്ങളെ കേള്‍ക്കാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടൊപ്പം രേഖകള്‍ ഹാജരാക്കാനുള്ള ഉത്തരവും എസ്എഫ്‌ഐഒ പരിശോധന ഉത്തരവും നിയമവിരുദ്ധമാണന്നും ഈ ഉത്തരവുകള്‍ റദ്ദാക്കണമെന്നുമാണ് കെഎസ്‌ഐഡിസിയുടെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.