സുപ്രീം കോടതി വടിയെടുത്തു; എസ്ബിഐ വഴങ്ങി: ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

സുപ്രീം കോടതി വടിയെടുത്തു; എസ്ബിഐ വഴങ്ങി: ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ കോടതിയലഷ്യ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് തിങ്കളാഴ്ച സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് ഇന്ന് വൈകുന്നേരം അഞ്ചരയോടെ കമ്മിഷന് എസ്ബിഐ വിവരങ്ങള്‍ നല്‍കിയത്. മാര്‍ച്ച് 15 ഓടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ വൈബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സുപ്രീം കോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെളിപ്പെടുത്തും.

വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ ആറ് വരെ സമയം തേടിയ എസ്ബിഐയെ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫെബ്രുവരി 15 ന് വിധി വന്ന ശേഷം 26 ദിവസം ബാങ്ക് എന്ത് ചെയ്തെന്നായിരുന്നു കോടതിയുടെ ചോദ്യം.

തിരഞ്ഞെടുപ്പ് ബോണ്ടുകളുടെയും സ്വീകരിച്ച പാര്‍ട്ടികളുടെയും വിവരങ്ങള്‍ കൈമാറാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇവ സംയോജിപ്പിക്കാന്‍ സമയം വേണമെന്ന് ബാങ്ക് പറഞ്ഞപ്പോള്‍ വിവരങ്ങള്‍ അതേപോലെ നല്‍കാനായിരുന്നു കോടതി നിര്‍ദേശം.

സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കിയ 2019 ഏപ്രില്‍ 12 മുതല്‍ ഇതുവരെ നല്‍കിയ ബോണ്ടുകളുടെ വിവരങ്ങളായിരുന്നു എസ്ബിഐ നല്‍കേണ്ടത്. ഓരോ ബോണ്ടും വാങ്ങിയ തിയതി, വാങ്ങിയവരുടെ പേര്, തുക എന്നിവ വ്യക്തമാക്കണം.

ഇതിനൊപ്പം 2019 ഏപ്രില്‍ 12 മുതല്‍ ബോണ്ടുകള്‍ ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളും പ്രത്യേകമായി നല്‍കണം. പാര്‍ട്ടികള്‍ പണമാക്കി മാറ്റിയ ഓരോ ബോണ്ടിന്റെ തിയതിയും തുകയുമടക്കമുള്ള വിവരങ്ങളുമുണ്ടാകണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.