ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കടിഞ്ഞാണിട്ട് യൂറോപ്യന്‍ യൂണിയന്‍; നിയമം പാസാക്കി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കടിഞ്ഞാണിട്ട് യൂറോപ്യന്‍ യൂണിയന്‍; നിയമം പാസാക്കി

ബ്രസല്‍സ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ടുള്ള നിയമത്തിന് യൂറോപ്യന്‍ യൂണിയന്‍ അന്തിമ അനുമതി നല്‍കി. നിയമത്തിലൂടെ അപകടസാധ്യതയുള്ളതായി കണക്കാക്കുന്ന എഐ ടൂളുകള്‍ നിരോധിക്കും. യൂറോപ്പിലെ ബിസിനസ്, സ്ഥാപനങ്ങള്‍, ആരോഗ്യപരിപാലനം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നിയമം ബാധകമായിരിക്കും.

കഴിഞ്ഞ ഡിസംബറില്‍ 38 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 'എഐ നിയമ'വുമായി മുന്നോട്ടുപോകാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) ജനപ്രതിനിധികളും നയരൂപീകരണച്ചുമതലയുള്ള നേതാക്കളും ധാരണയിലെത്തിയത്. നിര്‍മ്മിത ബുദ്ധിയെ നിയമാനുസൃതം മെരുക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ ശ്രമം ലോകത്ത് ആദ്യത്തേതാണ്. മനുഷ്യരാശിക്ക് വിശ്വസിക്കാവുന്ന വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്. സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 523 പേര്‍ അനുകൂലിച്ചും 46 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു.

ബയോമെട്രിക് നിരീക്ഷണത്തിനായി (മനുഷ്യന്റെ സവിശേഷതകളുമായും ശാരീരിക പ്രത്യേകതകളുമായും ബന്ധപ്പെട്ടിരിക്കുന്നതാണ് ബയോമെട്രിക്സ്. വ്യക്തികളെ തിരിച്ചറിയാന്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഉപയോഗിക്കുന്നു) സര്‍ക്കാരുകള്‍ നിര്‍മ്മിത ബുദ്ധിയെ പ്രയോജനപ്പെടുത്തുന്നതിനുള്‍പ്പെടെ മാര്‍ഗരേഖകളാണ് നിയമത്തിലുള്ളത്. എ.ഐ ഉപയോഗിച്ചുള്ള ചാറ്റ്ജിപിടിക്കു മേലും നിയന്ത്രണം വരും. ചാറ്റ്ജിപിടിയും മറ്റു പൊതു എഐ സംവിധാനങ്ങളും വിപണിയിലെത്തിക്കും മുമ്പ് സുതാര്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.

യൂറോപ്യന്‍ യൂണിയന്റെ കോപ്പിറൈറ്റ് നിയമങ്ങള്‍ പാലിക്കണമെന്നും എഐയെ പരിശീലിപ്പിക്കാനായി ഉപയോഗിച്ച ഉള്ളടക്കത്തിന്റെ വിശദമായ വിവരണം കൈമാറണമെന്നും നിര്‍ദേശമുണ്ട്. ഭീകരവാദം പോലെ ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ സര്‍ക്കാരുകള്‍ തത്സമയ ബയോമെട്രിക് നിരീക്ഷണം പ്രയോജനപ്പെടുത്താന്‍ പാടുള്ളൂ.

എ.ഐയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാര സംവിധാനം നിര്‍ദേശിക്കുന്നതാണ് നിയമത്തിന്റെ മറ്റൊരു സവിശേഷത. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കമ്പനികള്‍ 75 ലക്ഷം യൂറോ മുതല്‍ 3.5 കോടി യൂറോ വരെ പിഴ നല്‍കേണ്ടിവരുമെന്നും നിയമത്തില്‍ പറയുന്നു.
വിദ്യാഭ്യാസം, നിയമനം, സര്‍ക്കാര്‍ സേവനം സാധ്യമാക്കുക എന്നിവ എഐ നിയമത്തില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ളത് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തെറ്റായ വിവരങ്ങളുടെ വ്യാപനം, തെരഞ്ഞെടുപ്പ് ഇടപെടല്‍ എന്നിവകളിലേക്ക് ഉള്‍പ്പെടെ നയിച്ചേക്കാവുന്ന ഡീപ് ഫേക്ക്, കൃത്രിമ മാധ്യമ സംവിധാനങ്ങളില്‍ എ.ഐ നിര്‍മ്മിതമെന്ന് വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. 2021ലാണ് എ.ഐ നിയമം യൂറോപ്യന്‍ യൂണിയനില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. അവസാനവട്ട പരിശോധനയ്ക്ക് ശേഷം യൂറോപ്യന്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ മേയ് മാസത്തോടെ നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.