രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ല; കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: ഇ.പി ജയരാജന്‍

രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ല; കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: ഇ.പി ജയരാജന്‍

കണ്ണൂര്‍: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപിയുടെ ലോക്സഭ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറുമായി ഇ.പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.

ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് മുഴുവന്‍ വി.ഡി സതീശന് സൗജന്യമായി നല്‍കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ജയരാജന്‍ വ്യക്തമാക്കി.

കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ മത്സരത്തിനിറക്കുന്നത് ഇമേജ് കൂട്ടാന്‍ വേണ്ടിയാണ്. തോല്‍ക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമോ. അവര്‍ എല്ലാ വഴിയും നോക്കും. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പലരും ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപിയെ താഴേക്ക് കൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.

പദ്മജ വേണുഗോപാലിനെ സിപിഎമ്മിലേക്ക് ക്ഷണിച്ചുവെന്ന ആരോപണവും ഇ.പി ജയരാജന്‍ തള്ളി. പദ്മജയെ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചിരുന്നെങ്കില്‍ അവര്‍ ഇങ്ങോട്ടല്ലേ വരേണ്ടത്. പദ്മജ പോയത് ബിജെപിയിലേക്കല്ലേ. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ അറിയില്ലെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.