അരുണാചലിലേയും സിക്കിമിലെയും വോട്ടെണ്ണല്‍ തിയതികള്‍ ജൂണ്‍ രണ്ടിലേക്ക് മാറ്റി

 അരുണാചലിലേയും സിക്കിമിലെയും വോട്ടെണ്ണല്‍ തിയതികള്‍ ജൂണ്‍ രണ്ടിലേക്ക് മാറ്റി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തിയതി മാറ്റി. ജൂണ്‍ നാലിന് നിശ്ചയിച്ചിരുന്ന വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലേയും നിയമസഭകളുടെ കാലാവധി ജൂണ്‍ നാലിന് മുമ്പ് അവസാനിക്കുന്ന സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ തിയതി മാറ്റിയത്.

രണ്ട് നിയമസഭകളുടെയും കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324, ആര്‍ട്ടിക്കിള്‍ 172(1), 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 15 എന്നിവ പ്രകാരം വോട്ടെടുപ്പ് നേരത്തെ നടത്തേണ്ടത് ആവശ്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതായത് ഭരണഘടന നിര്‍ദേശ പ്രകാരം വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

നിയമപ്രകാരം ശനിയാഴ്ച പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പരിഷ്‌കരിക്കാനും വോട്ടെണ്ണല്‍ ദിവസം ജൂണ്‍ നാലില്‍ നിന്നും ജൂണ്‍ രണ്ടിലേയ്ക്ക് മാറ്റാനും തിരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചു. തിയതി മാറ്റുന്നത് വോട്ടെണ്ണലിന് മാത്രമാണ്. അസംബ്ലി തിരഞ്ഞെടുപ്പിനും അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

2019 ല്‍ ബിജെപി വിജയം സ്വന്തമാക്കിയ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. 57 ല്‍ 41 സീറ്റാണ് ബിജെപി നേടിയത്. ജെഡിയു ഏഴ് സീറ്റിലും എന്‍പിപി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും എന്‍ഡിഎയ്ക്കായിരുന്നു ലഭിച്ചത്.

സിക്കിമില്‍ ആകെയുള്ള 32 സീറ്റുകളില്‍ 17 ല്‍ എസ്‌കെഎം ആയിരുന്നു വിജയിച്ചത്. പവന്‍ കുമാര്‍ ചാംലിങിന്റെ എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്. ലോക്‌സഭയില്‍ എസ്‌കെഎം ആയിരുന്നു ആകെയുള്ള ഒരു സീറ്റില്‍ വിജയിച്ചത്. പിന്നീട് എസ്ഡിഎഫിലെ 14 അംഗങ്ങളും ബിജെപിയിലേക്ക് ചേക്കേറി. ഇത്തവണയും പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലാണ് സിക്കിമിലെ പ്രധാന മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.