കാലത്തിനു മുന്നേ നടന്ന ക്രാന്തദർശി: മാർ ജോസഫ് പൗവത്തിൽ

കാലത്തിനു മുന്നേ നടന്ന ക്രാന്തദർശി: മാർ ജോസഫ് പൗവത്തിൽ

"സീറോ മലബാർ സഭയുടെ കിരീടം" സ്വർഗ്ഗം പുൽകിയിട്ടിന്നു ഒരു വർഷം തികയുന്നു. അദ്ദേഹം നമ്മോടൊപ്പം ഇല്ല എന്നു വിശ്വസിക്കാൻ ആർക്കും അത്രവേഗം സാധ്യമാകും എന്നെനിക്കു തോന്നുന്നില്ല. ആർത്ഥികമായ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള പിതാവെഴുതിയ "കരുതലും കാവലും" എന്ന ഗ്രന്ഥത്തിൻ്റെ പേര്, ജീവിതത്തിൽ അന്വർത്ഥമാക്കിക്കൊണ്ടാണ് അദ്ദേഹം നമ്മോടു വിട പറഞ്ഞത്.

സഭയോടൊപ്പം തന്നെ സമൂഹവും അദ്ദേഹത്തിൻ്റെ കരുതൽസ്പർശത്തിൻ്റെ മധുരിമ നുകർന്നു. കേരളത്തിൻ്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസമേഖലകളിൽ ഉറച്ച നിലപാടുകളിലൂടെ സമൂഹശ്രദ്ധയാകർഷിച്ച വ്യക്തിത്വമായിരുന്നു മാർ ജോസഫ് പൗവത്തിൽ. സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവൻ്റെ ശബ്ദമായി പിതാവ് മാറി. ജതിമതരാഷ്ട്രീയ ഭേദമന്യേ മനസ്സുകളിൽ നിറഞ്ഞ ആത്മീയഗുരുവായിരുന്നു പൗവത്തിൽ പിതാവ്.

ആഴവും പരപ്പുമുള്ള വായന പകർന്ന അറിവും ആധ്യാത്മിക ബോധ്യങ്ങളും പാറപോലെ ഉറച്ച നിലപാടുകൾ എടുക്കാൻ മാർ ജോസഫ് പൗവത്തിലിന് എന്നും കരുത്തു നൽകി. സഭയുടേയും സമൂഹത്തിൻ്റേയും ഭാവി നിർണ്ണയിക്കുന്ന ചാലകശക്തിയായ യുവതയെ ചേർത്തുനിർത്തുവാനും ദിശാബോധം നൽകുവാനും യുവദീപ്തി എന്ന പ്രസ്ഥാനത്തിന് ഊടും പാവും മെനയുവാൻ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വലുതായിരുന്നു.

ഇടതടവില്ലാതെ സഭയും സമൂഹവും അദ്ദേഹത്തിൻ്റെ ചിന്തകളിൽ നിറഞ്ഞു. മടുപ്പില്ലാതെ തൻ്റെ അവസാനശ്വാസം വരെ സഭയ്ക്കായി നിലകൊണ്ട കഠിനാദ്ധ്വാനിയായ പരമാചാര്യനായിരുന്നു പൗവത്തിൽ പിതാവ് എന്നത് അദ്ദേഹം നിസ്തൂലമാക്കിയ ഒട്ടനവധി പദവികൾ സാക്ഷ്യം നൽകും. സിബിസിഐ അധ്യക്ഷൻ, കെസിബിസി അധ്യക്ഷൻ, ഇൻ്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയവ അദ്ദേഹം മഹനീയമാക്കിയ ചുരുക്കം ചില സ്ഥാനങ്ങൾ മാത്രം.

ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി പടവാളെടുത്ത ധീരയോധാവായിരുന്നു മാർ ജോസഫ് പൗവത്തിൽ. വിദ്യാഭ്യാസ രംഗത്ത് പിതാവ് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മാധ്യമരംഗത്ത് നവയുഗ വെല്ലുവിളികൾ നേരിടാനുള്ള ദീർഘവീക്ഷണം മീഡിയാ വില്ലേജിൻ്റെ രൂപീകരണത്തിനു വഴിയൊരുങ്ങി. സമൂഹത്തിൽ വിറങ്ങലിച്ചു നിന്നവൻ്റെ വാക്കായിമാറി പിതാവ്. തൻ്റെ നിലപാടുകളിൽ മായം ചേർക്കാതെ, സത്യത്തിൻ്റെ പാതയിൽ നന്മദർശനമാക്കി നടന്ന നല്ലയിടയൻ. നിലപാടുകളിലും തീരുമാനങ്ങളിലും ഉറച്ചു നിന്ന പിതാവ് പലരുടേയും കണ്ണിലെ കരടായി മാറി. തൻ്റെ പ്രവർത്തനങ്ങളിൽ വെള്ളം ചേർക്കാൻ തയ്യാറാവാത്ത അദ്ദേഹം സാമൂഹിക വിമർശനങ്ങൾക്കും വിചാരണകൾക്കും പലവട്ടം വിധേയനായി. അവിടെയെല്ലാം പുഞ്ചിരിച്ച മുഖവുമായി തൻ്റെ അജഗണത്തെ ധീരമായി നയിച്ച ഉറങ്ങാത്ത കാവൽക്കണ്ണായിരുന്നു പിതാവ്. സാധാരണക്കാരനൊപ്പം നടന്നു നീങ്ങിയ മനുഷ്യസ്നേഹി. ജീവിതത്തിൽ അദ്ദേഹം ശരിയായിരുന്നു എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹത്തിൻ്റെ വേർപാടിൽ വിതുമ്പിനിന്ന ജനസാഗരം.

"പറയേണ്ടത് പറയുകയും പറയേണ്ടത് മാത്രം പറയുകയും ചെയ്യുന്ന പിതാവ്" എന്ന് ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്ത അദ്ദേഹത്തെക്കുറിച്ചു പറഞ്ഞുവച്ചു. സഭയേയും സമൂഹത്തേയും സ്വാധീനിക്കുന്ന പ്രശ്നങ്ങളിൽ ഇടതും വലതും മുന്നും പിന്നും നോക്കാതെ നിലപാടെടുത്ത വ്യക്തിത്വം.

പള്ളിക്കാര്യമായാലും പാർട്ടിക്കാര്യമായാലും സത്യത്തിൻ്റെ വക്താവായി ധീരമായി അദ്ദേഹം സംസാരിച്ചിരുന്നു. ക്രൂരമായ വിമർശനശരങ്ങൾ ഏൽക്കേണ്ടി വന്നപ്പോഴും തനിക്കു ബോധ്യമുള്ള ചിന്തകളും വാക്കുകളും മറ്റുള്ളവർക്കുവേണ്ടി അടർത്തിമാറ്റാൻ കൂട്ടാക്കാത്ത പുരോഹിത ശ്രേഷ്ഠനായിരുന്നു പൗവത്തിൽ പിതാവ്.

കാലം കരുതി വച്ച പുണ്യം. ഒടുവിൽ കാലവും നിന്നു തേങ്ങി. കാവലും കരുതലുമായി അദ്ദേഹം സഭയിലും സാധാരണക്കാരിലും ഇന്നും ജീവിക്കുന്നു. പിതാവിൻ്റെ അമരപാവനസ്മരണയ്ക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.