വായു മലിനീകരണം; ലോക പട്ടികയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്ത്

വായു മലിനീകരണം; ലോക പട്ടികയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: വായു മലിനീകരണത്തില്‍ ഡല്‍ഹിയ്ക്ക് ലോകത്തില്‍ മൂന്നാം സ്ഥാനം. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ട് പിന്നിലാണ് ഡല്‍ഹിയുടെ സ്ഥാനം. സ്വിസ് സംഘടനയായ ഐക്യൂഎയറി(IQAir)ന്റെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ട് 2023 ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2022 ല്‍ ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോ ഗ്രാം എന്ന ശരാശരി പിഎം2.5 സാന്ദ്രത ഉള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായാണ് ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ഒരു വര്‍ഷം കടന്നപ്പോള്‍ എട്ടില്‍ നിന്ന് മൂന്നിലേയ്ക്ക് എത്തിയിരിക്കുകയാണ്.

ഡല്‍ഹിയുടെ പിഎം അളവ് 2022 ല്‍ ഒരു ക്യൂബിക് മീറ്ററിന് 89.1 മൈക്രോ ഗ്രാമില്‍ നിന്ന് 2023 ല്‍ 92.7 മൈക്രോ ഗ്രാമായി മോശമായി. ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന 30,000 ലധികം റെഗുലേറ്ററി എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകളുടെയും കുറഞ്ഞ നിരക്കിലുള്ള എയര്‍ ക്വാളിറ്റി സെന്‍സറുകളുടെയും ആഗോള വിതരണത്തില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് സൃഷ്ടിക്കാന്‍ ഉപയോഗിച്ച ഡാറ്റ സമാഹരിച്ചതെന്ന് ഐക്യൂഎയര്‍ പറയുന്നു.

2022 ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടില്‍ 131 രാജ്യങ്ങളേയും 7,323 പ്രദേശങ്ങളേയും ഈ ഡാറ്റ ശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 ല്‍ 134 രാജ്യങ്ങളേയും 7,812 പ്രദേശങ്ങളേയും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഓരോ ഒമ്പത് മരണങ്ങളിലും ഒരാളുടെ മരണത്തിന് വായു മലിനീകരണം കാരണമാകുന്നു. വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഏഴ് ദശലക്ഷം മരണങ്ങള്‍ക്കാണ് ഓരോ വര്‍ഷവും വായു മലിനീകരണം കാരണമാകുന്നത്. പിഎം 2.5 വായു മലിനീകരണം ആസ്ത്മ, കാന്‍സര്‍, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ അവസ്ഥകളിലേക്ക് നയിക്കുകയും കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നുവെന്നും പഠനം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.