കെജരിവാളിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്: നീക്കം അറസ്റ്റ് തടയാന്‍ കോടതി വിസമ്മതിച്ചതിന് പിന്നാലെ; കുരുക്ക് മുറുകുന്നു

കെജരിവാളിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്: നീക്കം അറസ്റ്റ് തടയാന്‍ കോടതി വിസമ്മതിച്ചതിന് പിന്നാലെ; കുരുക്ക് മുറുകുന്നു

ന്യൂഡല്‍ഹി: മദ്യ നയ കേസിസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.

അറസ്റ്റ് തടയണമെന്ന കെജരിവാളിന്റെ ആവശ്യം അംഗീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ പുതിയ നീക്കം. സമന്‍സ് നല്‍കാനാണ് എത്തിയതെന്നാണ് ഇ.ഡി നല്‍കുന്ന വിശദീകരണമെങ്കിലും അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

എട്ട് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് കെജരിവാളിന്റെ വീട്ടില്‍ എത്തിയിരിക്കുന്നത്. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സംഘം കടന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം കെജരിവാള്‍ വസതിയിലുണ്ടോയെന്ന കാര്യത്തില്‍ ഉള്‍പ്പെടെ സ്ഥിരീകരണമില്ല. വീടിന് പുറത്ത് വലിയ പൊലീസ് സന്നാഹവുമുണ്ട്.

ഡല്‍ഹി മദ്യനയ കേസില്‍ ഒമ്പത് തവണ കെജരിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെജരിവാള്‍ കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ഉണ്ടാകരുതെന്ന കെജരിവാളിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് തടയാന്‍ വിസമ്മതിക്കുകയായിരുന്നു. കേസ് ഏപ്രില്‍ 22 ലേക്ക് കോടതി മാറ്റുകയും ചെയ്തു.

അതേസമയം മദ്യനയ കേസില്‍ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പക പോക്കുകയാണെന്നും ഏത് സമയത്തും താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും മുന്‍പ് കെജരിവാള്‍ തന്നെ പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.