കെ.എസ്.യുവിന്റെ സ്ഥാനാര്‍ഥി-വിദ്യാര്‍ഥി സംവാദം.
യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് ഫെസ്റ്റിവലും കോണ്‍ക്ലേവും.
ഐഎന്‍ടിയുസിയുടെ വര്‍ക്കേഴ്സ് മീറ്റ്.
സര്‍വീസ് സംഘടനകളുടെ ഡി.എ സംരക്ഷണ ശൃംഖല.
മഹിളാ കോണ്‍ഗ്രസിന്റെ പ്രത്യേക വനിതാ സ്‌ക്വഡുകള്‍.
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദുര്‍ബലമായ കോണ്‍ഗ്രസ് ബൂത്തുകളുടെ ചുമതല പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി, കെ.എസ്.യു എന്നീ സംഘടനകള്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 15 വീതം ബൂത്തുകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം.
പാര്‍ട്ടിയുടെ ശക്തിയും സ്വാധീനവും അനുസരിച്ച് ബൂത്തുകളെ എ, ബി, സി എന്നിങ്ങനെ തിരിക്കും. സി വിഭാഗം ബൂത്തുകള്‍ പോഷക സംഘടനകള്‍ ഏറ്റെടുക്കും. ഇവിടെ സ്‌ക്വാഡ് പ്രവര്‍ത്തനത്തിനുള്ള പ്രത്യേക ടീമും രൂപീകരിക്കും.
തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത പോഷക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ബസ് ക്യാംപെയ്ന്‍, സൈക്കിള്‍ റാലി, സ്ഥാനാര്‍ഥി-വിദ്യാര്‍ഥി സംവാദം, സര്‍വകലാശാലകളില്‍ ഉപവാസ സമരം എന്നിവ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാന്റ് മുടങ്ങിയതിനെതിരെ, പട്ടികജാതി വകുപ്പു മന്ത്രി മത്സരിക്കുന്ന ആലത്തൂരില്‍ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യും.
യുവാക്കളെ കോണ്‍ഗ്രസ് പ്രചാരണവുമായി അടുപ്പിക്കാന്‍ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് യൂത്ത് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും. ലോക്‌സഭാ മണ്ഡലം തലത്തില്‍, ഓരോ ബൂത്തിലെയും ഒരു കന്നി വോട്ടറെ വീതം പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ക്ലേവും ഒരുക്കും.
ജീവനക്കാരുടെ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍വീസ് സംഘടനകള്‍ സമര പരിപാടികള്‍ നടത്തും. ഏപ്രില്‍ ഒന്നിന് ഡി.എ സംരക്ഷണ ശൃംഖലയും എട്ടിന് സെക്രട്ടേറിയറ്റ് ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലാ തലം മുതല്‍ പഞ്ചായത്ത് തലം വരെ ഐഎന്‍ടിയുസി 'വര്‍ക്കേഴ്സ് മീറ്റ്' സംഘടിപ്പിക്കും. അതേസമയം മഹിളാ കോണ്‍ഗ്രസ് പ്രത്യേക വനിതാ സ്‌ക്വഡുകളെ രംഗത്തിറക്കി വനിതാ സംഘടനകളുമായി ചേര്‍ന്നുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.