വാഷിംഗ്ടൺ: മെരിലാൻഡിൽ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ ബ്രിഡ്ജ് തകർന്ന സംഭവത്തിൽ 60 മില്യൺ യുഎസ് ഡോളർ (500 കോടി രൂപ) അടിയന്തര സഹായമായി അനുവദിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ ഓഫീസിൽ നിന്ന് നേരിട്ടാണ് പണം അനുവദിച്ച് കൊണ്ടുള്ള അനുമതിനല്‍കിയത്. തകർന്ന പാലം എത്രയും വേഗം പുനർനിർമിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് എത്രയും വേഗം അനുവദിച്ചതെന്ന് ഫെഡറൽ ഹൈവേ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
നദിയിലേക്ക് വീണ പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉരുക്ക് പാലമായതിനാൽ അവശിഷ്ടങ്ങൾ നീക്കുന്നതിന് കാലതാമസം എടുത്തേക്കുമെന്നും സൂചനയുണ്ട്. ഹെവി ലിഫ്റ്റ് ക്രെയിൻ വെസ്സലിന്റെ സഹായത്തോടെ തകർന്ന ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്തതിന് ശേഷം മാത്രമായിരിക്കും, പുനർനിർമിക്കാനുള്ള നീക്കം തുടങ്ങുന്നത്. 185 അടിയോളം താഴ്‌ച്ചയിലാണ് പാലത്തിന്റെ അവശിഷ്ടങ്ങൾ വീണ് കിടക്കുന്നത്.
തുറമുഖം അടച്ചിടുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അടക്കം പ്രതികൂലമായി ബാധിക്കുമെന്നത് മുന്നിൽ കണ്ടാണ്, അതിവേഗത്തിൽ എല്ലാ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത്. ഇപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മെരിലാൻഡിലെ അടിയന്തര പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് യുഎസ് ട്രാൻസ്‌പൊർട്ടേഷൻ സെക്രട്ടറി പീറ്റ് ബുട്ട്ഗീഗ് പറഞ്ഞു. ബാൾട്ടിമോർ തുറമുഖം വീണ്ടും തുറക്കുക എന്നതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
പാലം പുനർനിർമ്മിക്കുന്നതിനുള്ള ചെലവ് രണ്ട് ബില്യൺ യുഎസ് ഡോളർ വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് ആഴ്ചകളോ മാസങ്ങളോ എടുത്ത് നിർമാണം പൂർത്തിയാക്കാനാകുന്ന കാര്യമല്ലെന്നും, നീണ്ട കാലയളവിനുള്ളിൽ മാത്രമേ ഇത് സാധ്യമാകു എന്നും മെരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു. പാലം അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തുറമുഖം സഞ്ചാരയോഗ്യമാക്കുക എന്നതാണ് ആദ്യ ഘട്ടം. ഇവിടേക്ക് എത്താനിരുന്ന ചരക്കുകപ്പലുകൾ മറ്റ് തുറമുഖങ്ങളിലേക്ക് വിടാനായി നിർദേശിച്ചിട്ടുണ്ടെന്നും വെസ് മൂർ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.