ഉക്രെയ്നിൽ കത്തോലിക്കർക്ക് നേർ അടിച്ചമർത്തൽ തുടർന്ന് റഷ്യൻ സൈന്യം ; കൂടുതൽ പള്ളികൾ അടച്ച് പൂട്ടി

ഉക്രെയ്നിൽ കത്തോലിക്കർക്ക് നേർ അടിച്ചമർത്തൽ തുടർന്ന് റഷ്യൻ സൈന്യം ; കൂടുതൽ പള്ളികൾ അടച്ച് പൂട്ടി

കീവ്: ഉക്രെയ്നിലെ കത്തോലിക്കർക്ക് നേർ അടിച്ചമർത്തൽ തുടർന്ന് റഷ്യൻ അധിനിവേശ സേന. ഡൊനെറ്റ്സ്ക് മേഖലയിലെ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ പള്ളികൾ നിർബന്ധിതമായി അടച്ച് പൂട്ടുകയും സീൽ ചെയ്യുകയും ചെയ്തതായി റിപ്പോർട്ട്.

ഇതോടെ ഗ്രീക്ക് കത്തോലിക്കർക്ക് അവരുടെ പള്ളികൾ സന്ദർശിക്കാനും ശുശ്രൂഷകളിൽ പങ്കെടുക്കുവാനുമുള്ള അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്. സീൽ ചെയ്ത പള്ളികളിൽ സേവനമനുഷ്ഠിച്ച പുരോഹിതന്മാരെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പുറത്താക്കിയതായും കീവ് ആസ്ഥാനമായുള്ള മതസ്വാതന്ത്ര്യത്തിനുള്ള സ്ഥാപനം പങ്കിട്ട റിപ്പോർട്ടിൽ പറയുന്നു.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക്, കെർസൺ, സപ്പോരിജിയ എന്നിവിടങ്ങളിൽ ഇപ്പോൾ വൈദികർ ആരും തന്നെയില്ലെന്നാണ് ഉക്രേനിയൻ ഗ്രീക്ക് കാത്തലിക് ചർച്ച് വെളിപ്പെടുത്തുന്നത്. ഉക്രെയ്നിലെ ഡൊനെറ്റ്സ്ക് മേഖലയിൽ നിന്ന് രണ്ട് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ പുരോഹിതരെ 2022 നവംബറിൽ ബെർഡിയാൻസ്കിലെ അവരുടെ പള്ളിയിൽ നിന്ന് റഷ്യൻ സേന പിടികൂടിയിരുന്നു.

അവരിൽ ഒരാളെ ഇപ്പോൾ റഷ്യയിലേക്ക് നിയമവിരുദ്ധമായി മാറ്റിയതായും റിഡംപ്റ്ററിസ്റ്റ് ഫാദർ ഇവാൻ ലെവിറ്റ്‌സ്‌കി റഷ്യയിലെ റോസ്‌റ്റോവ് മേഖലയിലെ ഒരു ജയിലിൽ കഴിയുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചപ്പോൾ രണ്ട് വൈദികരും തങ്ങളുടെ ഇടവകയിലെ വിശ്വാസികളെ ഉപേക്ഷിച്ച് പോകാൻ വിസമ്മതിച്ചിരുന്നു.

തുടർന്നായിരുന്നു ഇരുവരെയും സേന പിടികൂടുന്നത്. തുടന്ന് 2022 ഡിസംബറിൽ, അധിനിവേശ സപ്പോരിജിയയുടെ റഷ്യൻ നിയോഗിത തലവൻ യെവ്ജെനി ബാലിറ്റ്സ്കി, ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയെ നിരോധിച്ചതായും സഭയുടെ സ്വത്ത് മുഴുവൻ തന്റെ ഭരണകൂടം ഏറ്റെടുത്തതായും പ്രഖ്യാപിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.