തൃശൂര്‍: ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂര്‍ വെളപ്പായയില്‍ ആണ് സംഭവം. പട്‌നാ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ ടിടിഇ ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്.
ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. പ്രതിയായ അന്യസംസ്ഥാന തൊഴിലാളി പാലക്കാട് നിന്നും പിടിയിലായി. ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.
ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളോട് ഫൈന്‍ അടയ്ക്കാന്‍ വിനോദ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തര്‍ക്കമുണ്ടായത്. തൃശൂര്‍ സ്റ്റേഷന്‍ പിന്നിട്ട് വെളപ്പായക്ക് സമീപത്തുവച്ച് പ്രതി വിനോദിനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
മരിച്ച വിനോദ് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ ആളാണ്. പതിന്നാലില്‍പരം സിനിമകളില്‍ അദ്ദേഹം ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാന്‍ എന്നിവര്‍ക്കൊപ്പം സിനിമകളില്‍ വേഷമിട്ട വിനോദ് ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയായാണ് വേഷമിട്ടത്. ആഷിക് അബുവിന്റെ സുഹൃത്തും സഹപാഠിയും ആയിരുന്നു വിനോദ്.
ചെറുപ്പം മുതല്‍ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വിനോദിന് സിനിമ എന്നും സ്വപ്നമായിരുന്നെന്നാണ് അടുപ്പമുള്ളവര്‍ പറഞ്ഞത്. വില്ലാളി വീരന്‍, മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആര്‍ യു, അച്ഛാദിന്‍, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, മിസ്റ്റര്‍ ഫ്രോഡ്, ലൗ 24*7, വിക്രമാദിത്യന്‍, പുലിമുരുകന്‍, ഒപ്പം തുടങ്ങിയ സിനിമകളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്.
എറണാകുളം പട്‌ന എക്‌സ്പ്രസ് വൈകിട്ട് 6.45 ന് തൃശൂര്‍ സ്റ്റേഷന്‍ വിട്ട് അധികം കഴിയും മുന്‍പ് മുളങ്കുന്നത്തുകാവ് സ്റ്റേഷന് സമീപത്താണ് വിനോദിനെ തള്ളിയിട്ടത്. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ ഇദ്ദേഹത്തിന്റെ ദേഹത്തു കൂടി മറ്റൊരു ട്രെയിന്‍ കയറിയതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.