25 കാരന് പുതുജീവന്‍ നല്‍കി കോട്ടയം മെഡിക്കല്‍ കോളജ്! ശരീരത്തില്‍ നിന്നും നീക്കിയത് 43 കിലോ തൂക്കമുള്ള ട്യൂമര്‍

 25 കാരന് പുതുജീവന്‍ നല്‍കി കോട്ടയം മെഡിക്കല്‍ കോളജ്! ശരീരത്തില്‍ നിന്നും നീക്കിയത് 43 കിലോ തൂക്കമുള്ള ട്യൂമര്‍

കോട്ടയം: ചികിത്സാ രംഗത്ത് വീണ്ടും ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളജ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചത്. യുവാവിന്റെ ശരീരത്ത് 43 കിലോ ഭാരമുള്ള ട്യൂമര്‍ ബാധിച്ചിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.

കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

നാല് വര്‍ഷം മുമ്പാണ് ജോ ആന്റണിയ്ക്ക് ട്യൂമര്‍ ബാധിച്ചത്. ഇതിന് പിന്നാലെ കീമോ തെറാപ്പി ചെയ്യുകയായിരുന്നു. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായതിനാല്‍ ട്യൂമര്‍ എടുത്ത് മാറ്റുന്നത് ബുദ്ധിമുട്ടായിരുന്നു. ഇതിന് പിന്നാലെ ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായി. നടക്കാന്‍ പ്രയാസവുമായിരുന്നു.

ചികിത്സ തേടി പല മികച്ച ആശുപത്രികളില്‍ പോയെങ്കിലും ജീവന് ഭീഷണിയാകുമെന്ന കാരണത്താല്‍ എല്ലാവരും കൈ ഒഴിയുകയായിരുന്നു. അങ്ങനെയാണ് കോട്ടയം മെഡിക്കല്‍ കോളജിലെത്തി ഡോ. ജയകുമാറിനെ കുടുംബം കാണുന്നത്. കഴിഞ്ഞ മാസം 25 ന് ഏറെ വെല്ലുവിളികളുള്ള ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയാക്കിയത്.

20 ലിറ്റര്‍ ഫ്ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. നിലവില്‍ കൈയ്ക്ക് ചെറിയ സ്വാധീനക്കുറവ് ഉണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.