ഐഎന്‍ടിയുസി നേതാവ് സത്യന്റെ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഐഎന്‍ടിയുസി നേതാവ് സത്യന്റെ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ആലപ്പുഴ: ഐഎന്‍ടിയുസി നേതാവ് സത്യന്റെ കൊലപാതകത്തില്‍ പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. കേസ് പുനരന്വേഷിക്കണം എന്ന് ആവശ്യപെട്ട് ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ ബാബു പ്രസാദ് ഡിജിപിക്ക് പരാതി നല്‍കി. സിപിഎം നേരിട്ട് നടത്തിയ കൊലപാതകം എന്ന നേതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബുവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലാണ് വിവാദ പരാമര്‍ശം. ബിപിന്‍ സി ബാബുവിന്റെ വിശദമായ മൊഴി എടുക്കണം എന്നാണ് ആവശ്യം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പരാതിയില്‍ വ്യക്തമാക്കിന്നു.

2001 ലാണ് മുന്‍ ഐഎന്‍ടിയുസി നേതാവായ സത്യന്‍ കായംകുളം കരിയിലക്കുളങ്ങരയില്‍ കൊല്ലപ്പെട്ടത്. കേസിലെ 7 പ്രതികളെയും തെളിവില്ലാത്തതിനാല്‍ 2006ല്‍ കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ സിപിഎം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് ബിപിന്‍ സി ബാബുവിന്റെ വെളിപ്പെടുത്തല്‍. സത്യന്‍ കൊലക്കേസില്‍ ആറാം പ്രതിയായിരുന്നു ബിപിന്‍.

ഭാര്യയെ നടുറോഡില്‍ മര്‍ദിച്ച സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം സിപിഐഎം പാര്‍ട്ടിയില്‍ നിന്ന് ബിപിനെ സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന് അയച്ച കത്തിലാണ് സത്യന്റെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.