ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: യു.എന്‍ അടിയന്തര യോഗം നാളെ; ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാന്‍ കഴിയില്ലെന്ന് ഗുട്ടെറസ്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: യു.എന്‍ അടിയന്തര യോഗം നാളെ; ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാന്‍ കഴിയില്ലെന്ന് ഗുട്ടെറസ്

വാഷിങ്ടണ്‍: ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ അടിയന്തര യോഗം ചേരാനൊരുങ്ങി യുഎന്‍ രക്ഷാ സമിതി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ന് രക്ഷാ സമിതി യോഗം ചേരും.

ഇരു രാജ്യങ്ങളും ശത്രുത അവസാനിപ്പിക്കണമെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ട ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ ഇറാന്റെ ആക്രമണത്തിന് വൈകാതെ തിരിച്ചടി നല്‍കുമെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേല്‍. സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലിന്റെ സുരക്ഷയ്ക്കായി ആഗോള ശക്തികളും രംഗത്തെത്തി.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ഇസ്രയേലിന്റെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കും അറിയിച്ചു. അതിനിടെ ദേശീയ സുരക്ഷാ സംഘവുമായി രണ്ട് മണിക്കൂര്‍ കൂടിക്കാഴ്ച നടത്തയ ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. സംഘര്‍ഷത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി.

ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. കൂടുതല്‍ ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രയേലിലെ എല്ലാ സ്‌കൂളുകളും അടച്ചിട്ടുണ്ട്. ജോര്‍ദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രയേല്‍ വ്യേമമേഖലയും വിമാനത്താവളവും അടച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാര്‍ അവിടത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഈ രാജ്യങ്ങളിലുള്ള ഇന്ത്യാക്കാര്‍ തങ്ങളുടെ സുരക്ഷയ്ക്ക് കൂടുതല്‍ മുന്‍കരുതലുകള്‍ നല്‍കണമെന്നും പുറത്തേക്കുള്ള യാത്രകള്‍ പരമാവധി കുറയ്ക്കണമെന്നും വിദേശകാര്യ മന്ത്രലായം പുറത്തുവിട്ട പ്രസ്താവനയില്‍ നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.