വടകര: കടത്തനാടന്‍ അങ്കത്തട്ടുകള്‍ പോലെ വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും വാക്‌പോരും മുറുകുന്നു. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ അപമാനിക്കുകയാണെന്നാണ് കെ.കെ ഷൈലജയുടെ പരാതി.
യുഡിഎഫും അവരുടെ മീഡിയ വിഭാഗവും വ്യാജ പ്രചരണം വഴി തേജോവധം ചെയ്യുന്നു. പാനൂരില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ 'ബോംബ് അമ്മ'യെന്ന പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്.
കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ലെറ്റര്‍ പാഡ് ഉപയോഗിച്ച് തനിക്കെതിരേ അപവാദ പ്രചാരണം നടത്തി. ലെറ്റര്‍ പാഡില്‍ 'ഇത് ടീച്ചറമ്മയല്ല, ബോംബ് അമ്മ' എന്ന പേരിലാണ് പ്രചരിപ്പിച്ചതെന്നും കെ.കെ ഷൈലജ ആരോപിച്ചു.
തനിക്കെതിരേ വ്യാജ വീഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കാന്‍ യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുകയാണ്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ വടകര മണ്ഡലത്തില്‍ വ്യാപകമായ കളളവോട്ടിന് നീക്കം നടക്കുന്നുവെന്നും അത് തടയാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വിദേശത്തുളളവരുടെയും മുന്‍ വര്‍ഷങ്ങളില്‍ മരിച്ചവരുടെയും വോട്ടുകള്‍ സിപിഎം പ്രവര്‍ത്തകര്‍ നേരത്തേ ചെയ്തിട്ടുണ്ടെന്നും ഷാഫി ആരോപിക്കുന്നു.
സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താന്‍ വടകരയിലെ മുഴുവന്‍ ബൂത്തുകളിലും വീഡിയോഗ്രാഫി ആവശ്യമാണ്. ബൂത്ത് ചുമതലയുളള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സിപിഎം അനുഭാവികളാണ്.
വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി ബൂത്തുകളിലെത്താന്‍ കഴിയണം. പാനൂര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബൂത്തുകളിലും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26