ഇന്ത്യയില്‍ ആദ്യം! കേള്‍വി ശക്തിയുമില്ല, സംസാര ശേഷിയുമില്ല; അള്‍ത്താരയില്‍ നിശബ്ദ വിപ്ലവത്തിന് ഫാ. ജോസഫ് തേര്‍മഠം

 ഇന്ത്യയില്‍ ആദ്യം! കേള്‍വി ശക്തിയുമില്ല, സംസാര ശേഷിയുമില്ല; അള്‍ത്താരയില്‍ നിശബ്ദ വിപ്ലവത്തിന് ഫാ. ജോസഫ് തേര്‍മഠം

കോട്ടയം: കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത ഡീക്കന്‍ ജോസഫ് തേര്‍മഠം ആംഗ്യ ഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അത് ഭാരത കത്തോലിക്കാ സഭയില്‍ ചരിത്ര നിമിഷമാകും. മെയ് രണ്ടിന് തൃശൂര്‍ വ്യാകുലമാതാ ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തില്‍ നിന്നാണ് 36 കാരനായ ഡീക്കന്‍ ജോസഫ് തേര്‍മഠം തിരുപ്പട്ടം സ്വീകരിക്കുന്നത്. വെല്ലുവിളി നേരിടുന്നവര്‍ക്കിടയില്‍ നിന്നു പുരോഹിത പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന വിശേഷണം ജോസഫച്ചന് സ്വന്തമാകും.

കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളിക്രോസ് എന്ന സന്യാസ സമൂഹത്തിലെ അംഗമാണ് ഡീക്കന്‍ ജോസഫ്. തൃശൂര്‍ കേച്ചേരി തേര്‍മഠത്തില്‍ ടി.എല്‍ തോമസിന്റെയും റോസിയുടെയും ഇളയമകനായ ജോസഫിന് ജന്മനാ കേള്‍വി ശക്തിയും സംസാരശേഷിയും ഇല്ലായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം താമസിച്ചു മുംബൈയിലായിരുന്നു പഠനം. ഡിഗ്രിക്ക് ശേഷം 2008 ല്‍ യുഎസിലേക്ക് പോയി.

വൈദികനാകണമെന്ന് ചെറുപ്പം മുതലേ മോഹമുണ്ടായിരുന്നതിനാല്‍ അവിടെയെത്തി ഡൊമിനിക്കന്‍ മിഷനറീസ് ഓഫ് ദ് ഡെഫ് സന്യാസ മൂഹത്തിന്റെ സെമിനാരിയില്‍ ചേര്‍ന്നു. 2012 ല്‍ നിത്യവ്രതമെടുത്തു. കേള്‍വി വെല്ലുവിളി നേരിടുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് സഭയെപ്പറ്റി അറിഞ്ഞതോടെ ഡൊമിനിക്കന്‍ സഭയില്‍ നിന്ന് ഇളവുവാങ്ങി. 2017 ല്‍ ഹോളിക്രോസില്‍ ചേര്‍ന്നു.

പിന്നീടാണ് ഫാ. ബിജു മൂലക്കര എന്ന ഹോളിക്രോസ് വൈദികന്‍ അയ്മനത്ത് സ്ഥാപിച്ച നവധ്വനിയെപ്പറ്റി അറഞ്ഞതോടെ, നവധ്വനിയിലെത്തി ജോസഫ് പരിശീലനം നേടി. പിന്നീട് പുനെയിലെ ഹോളിക്രോസ് സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി ഡീക്കന്‍ പട്ടം സ്വീകരിച്ചു. കേള്‍വി ശക്തി, സംസാര ശേഷി എന്നിവയില്‍ വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ക്ലാസുകളും പരിശീലനങ്ങളുമായിരുന്നു നവധ്വനിയില്‍ നടത്തിയിരുന്നത്.

2008 ല്‍ പ്രഥമ കുര്‍ബാന ആംഗ്യ ഭാഷയില്‍ അര്‍പ്പിച്ചയാളാണ് ഫാ. ബിജു. ആദ്യകുര്‍ബാനയ്ക്ക് 'ശബ്ദം നല്‍കാന്‍' ഫാ. ബിജു ഒപ്പമുണ്ടാകും. തുടര്‍ന്ന് സഭയില്‍ നിന്ന് ഒരാളെ ഫാദര്‍ ജോസഫിനൊപ്പം നിയോഗിക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.